ലഡാക്കില്‍ നിര്‍ണായക നീക്കം; രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഏതു സമയത്തും ആക്രമണങ്ങള്‍ക്കുള്ള സജ്ജീകരണങ്ങളുമായി വ്യോമസേന

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപന നീക്കങ്ങള്‍ക്കു പിന്നാലെ ഏതു സമയത്തും ആക്രമണങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ വ്യോമസേന. ലഡാക്കില്‍ ഏതു കാലാവസ്ഥയിലും രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ മിഷനുകള്‍ സംഘടിപ്പിക്കാനുള്ള കരുത്ത് ആര്‍ജിക്കുകയാണ് സേനയുടെ ലക്ഷ്യം. പോര്‍ വിമാനങ്ങള്‍, ആക്രമണത്തിനുള്ള ഹെലികോപ്റ്ററുകള്‍, വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയെല്ലാം എല്ലായ്‌പ്പോഴും ആക്രമണത്തിനു തയാറാക്കി നിര്‍ത്താനാണു ശ്രമം. ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണു ലഡാക്കില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ സേന മുന്നോട്ടു പോകുന്നത്.

വ്യോമസേനയുടെ മിഗ് 29 പോര്‍ വിമാനങ്ങള്‍, സുഖോയ് 30, ആപ്പാഷെ എഎച്ച്– 64 ഇ ഹെലികോപ്റ്ററുകള്‍, സിഎച്ച്– 47 എഫ് ചിനൂക് ഹെലികോപ്റ്ററുകള്‍ എന്നിവയാണു ദൗത്യത്തിന്റെ ഭാഗമാകുക. ലഡാക്കിലെ പര്‍വത പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ രാത്രി കാലങ്ങളിലും ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വ്യോമസേനയുടെ പരമാവധി കരുത്ത് ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് വ്യോമസേന അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ആക്രമണങ്ങള്‍ക്കുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ അത് ഉപയോഗിക്കുമെന്നും വ്യോമസേന മുന്‍ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി എച്ച്. മേജര്‍ പ്രതികരിച്ചു. പ്രഫഷനലായ ഏതൊരു സേനയും 24 മണിക്കൂറും ആക്രമണ സജ്ജരായിരിക്കണമെന്ന് സെന്റര്‍ ഫോര്‍ എയര്‍ പവര്‍ സ്റ്റഡീസ് അഡിഷനല്‍ ഡയറക്ടര്‍ ജനറല്‍ എയര്‍ വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹാദൂര്‍ വ്യക്തമാക്കി.

രാത്രികളില്‍ പര്‍വതങ്ങളെ ലക്ഷ്യമാക്കി പറക്കുന്നതിനു വിമാനങ്ങള്‍ക്കു നേരത്തേ പരിമിതികളുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഈ പ്രശ്‌നത്തെ മറികടന്നിട്ടുണ്ട്. രാത്രികാലങ്ങളിലെ പറക്കലിനും ലഡാക്കില്‍ വ്യോമസേന ഇപ്പോള്‍ പരിശീലിക്കുന്നുണ്ട്. പര്‍വത പ്രദേശങ്ങളിലേക്കു പറക്കുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ്. പക്ഷേ അനുഭവങ്ങളിലൂടെ ഇതിനെ മറികടക്കാന്‍ സാധിക്കും– മന്‍മോഹന്‍ ബഹാദൂര്‍ പ്രതികരിച്ചു. ചൈനീസ് പ്രകോപനങ്ങളുടെ പശ്!ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണു വ്യോമസേനയുടെ നിലവിലെ പ്രവര്‍ത്തനം. ഇന്ത്യ–ചൈന സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ചൈനീസ് സൈന്യം ഗല്‍വാന്‍, ഹോട്‌സ്പ്രിങ്‌സ്, ഗോഗ്ര എന്നിവിടങ്ങളില്‍നിന്ന് 1.5 കിലോമീറ്റര്‍ പിന്നോട്ടുപോയിട്ടുണ്ട്. ഇന്ത്യയും ധാരണകള്‍ പ്രകാരമുള്ള മാറ്റങ്ങള്‍ സൈനിക വിന്യാസത്തില്‍ വരുത്തി.

മേയില്‍ ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചപ്പോള്‍ സൈനിക നീക്കത്തില്‍ വ്യോമസേനയുടെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. സൈനികര്‍, ടാങ്കുകള്‍, ഇന്‍ഫന്‍ട്രി കോംപാറ്റ് വെഹിക്കിള്‍സ് എന്നിവയുടെ നീക്കത്തിന് സി– 17 ഗ്ലോബ്മാസ്റ്റര്‍ മൂന്ന് വിമാനമാണ് ഉപയോഗിച്ചത്. സി– 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനവും മേഖലയിലെ നിര്‍ണായക സാന്നിധ്യമായി. പുതുതായെത്തിച്ച അപ്പാഷെ, ചിനൂക്ക് ഹെലികോപ്റ്ററുകളും വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിച്ചു. ഹെല്‍ ഫയര്‍ മിസൈലുകള്‍ ഘടിപ്പിച്ച അപ്പാഷെ ഹെലികോപ്റ്ററുകള്‍ക്ക് മിനിറ്റില്‍ 128 ലക്ഷ്യങ്ങളെയാണ് ആക്രമിക്കാന്‍ സാധിക്കുക. സൈനിക നീക്കം, ആയുധങ്ങളെത്തിക്കല്‍ എന്നിവയാണ് ചിനൂക്കിന്റെ പ്രധാന ദൗത്യങ്ങള്‍. സേനയിലേക്ക് 38,900 കോടിയുടെ ആയുധങ്ങള്‍ വാങ്ങാനാണു പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ആഴ്ച അനുമതി നല്‍കിയത്. വ്യോമസേനയ്ക്ക് 33 പുതിയ പോര്‍വിമാനങ്ങള്‍ ഇങ്ങനെ ലഭിക്കും.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular