തിരുവനന്തപുരം: വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം പുറത്തെത്തിക്കുന്നത് സ്വപ്ന സുരേഷ്. സരിത്ത് വിമാനത്താവളത്തില്‍നിന്ന് കൈപ്പറ്റുന്ന ഡിപ്ലോമാറ്റിക് ബാഗേജുകളിലെ സ്വര്‍ണം പുറത്തെത്തിക്കലായിരുന്നു സ്വപ്നയുടെ ചുമതല. ഇവര്‍ ആര്‍ക്കെല്ലാമാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്.
ദുബായിലെ വ്യാപാരിയായ ഫാസിലാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഭക്ഷണസാധനമെന്ന പേരിലാണ് ബാഗേജ് അയച്ചത്. എന്നാല്‍ പുറത്തുനിന്നുള്ള ഒരാള്‍ എങ്ങനെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പാക്ക് ചെയ്ത് അയക്കുക എന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു. ഇതുസംബന്ധിച്ച് ദുബായ് കേന്ദ്രീകരിച്ച് കസ്റ്റംസ് സംഘം വിവരങ്ങള്‍ തേടുന്നതായാണ് സൂചന.
അതേസമയം, കൊച്ചിയില്‍ ചൊവ്വാഴ്ച കസ്റ്റംസ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കും. കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ക്കും ചൊവ്വാഴ്ചയ്ക്കകം തീരുമാനമാകുമെന്ന് ചില ഉന്നത കസ്റ്റംസ് വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.
Follow us: pathram online