പൊരിച്ച മീന്‍ കഷണങ്ങള്‍ കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത്! ഡബ്ലിയുസിസിയ്‌ക്കെതിരെ വിമര്‍ശനവുമായി ഹരീഷ് പേരടി

സംവിധായിക വിധു വിന്‍സെന്റിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥ യെസ് ഓര്‍ നോ എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാന്‍ കാരണം എന്തായിരുന്നുവെന്നും സ്ത്രികള്‍ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിട്ടും പ്രതികരിക്കാത്തത് എന്താണെന്നും ഹരീഷ് പേരടി ചോദിക്കുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

”എന്താണ് wcc?…നിങ്ങളുടെ സ്വന്തം സംഘടനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു മെമ്പര്‍ ഗുരുതരമായ ആരോപണങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വെച്ചിട്ട് നേരത്തോട് നേരമാകുന്നു..സ്ത്രികള്‍ മാത്രമുള്ള സംഘടനയിലെ സ്ത്രി വിരുദ്ധത തുറന്ന് പറഞ്ഞിരിക്കുന്നു…കസബ സിനിമയിലെയും അമ്മ സംഘടനയിലേയും സ്ത്രി വിരുദ്ധത കണ്ടു പിടിച്ചവര്‍ ക, മ, എന്നൊരുരക്ഷരം മിണ്ടാതെ ഇരിക്കുന്നത് എന്താണ് ?…ഒരു സംസ്ഥാന അവാര്‍ഡ് ജേതാവിന്റെ തിരക്കഥ Yes or No എന്ന് പറയാതെ ആറു മാസം പൂജക്ക് വെക്കാന്‍ കാരണമെന്താണ് ?…പൊരിച്ച മീന്‍ കഷണങ്ങള്‍ നമുക്ക് കിട്ടാതാവുമ്പോള്‍ മാത്രമല്ല നീതി ഇല്ലാതാവുന്നത് .. അവനവന്‍ നയിക്കുന്ന സംഘടനയിലും തുല്യ നീതിയില്‍ വിളമ്പാന്‍ പറ്റണം…നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട് …മറുപടി പറഞ്ഞേ പറ്റു…”

സംഘടനയില്‍ നിന്നും രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിധു വിന്‍സെന്റ് സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നടി പാര്‍വതി, റിമ കല്ലിങ്കല്‍, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് വിധുവിന്റെ വിമര്‍ശനം. സ്റ്റാന്‍ഡ് അപ്പിന്റെ തിരക്കഥ പാര്‍വതിക്ക് നല്‍കി ആറുമാസം കാത്തിരുന്നെന്നും അവസാനം ഒരു നോ പോലും പറയാതെ തന്നെ അപമാനിച്ചുവെന്നും വിധു പറയുന്നു. ?ബി. ഉണ്ണികൃഷ്ണന്‍ വിധുവിന്റെ ചിത്രം നിര്‍മിച്ചതാണ് സംഘടനയില്‍ അസ്വാരസ്യങ്ങള്‍ തുടക്കം കുറിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന ദീലീപിനെ നായകനാക്കി അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. ദീലീപിനെ അനൂകുലിച്ച് പരസ്യമായി നിലപാടെടുക്കുകയും സംഘടനയെ മോശമായി പൊതു സമൂഹത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച സിദ്ദീഖിനൊപ്പം പാര്‍വതി ഒരു ചിത്രത്തില്‍ അഭിനയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിധുവിന്റെ വിമര്‍ശനം. എതിര്‍പ്പ് തന്നോട് മാത്രമായിരുന്നുവെന്നും സംഭവത്തില്‍ പാര്‍വതിയോട് വിശദീകരണം ചോദിക്കാത്തത് ഇരട്ടത്താപ്പാണെന്നും വിധു പറഞ്ഞു.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular