പുഷ്പ 2 ന്റെ വിജയത്തിനുശേഷം തന്റെ ഫിറ്റ്‌നെസ് രഹസ്യം വെളിപ്പെടുത്തി അല്ലു അര്‍ജുന്‍. ഒരു ഇന്റര്‍വ്യൂവിലാണ് ഫിറ്റ്‌നെസിനെക്കുറിച്ച് അല്ലു അര്‍ജുന്‍ സംസാരിച്ചത്. ദിവസവും ഒരേ പ്രഭാതഭക്ഷണം കഴിച്ചതിനെപ്പറ്റിയും ഷേപ്പ് നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന് ആവശ്യമായ രീതിയില്‍ തന്റെ ഭക്ഷണത്തിലും വര്‍ക്കൗട്ടിലും എല്ലാം മാറ്റം വരുത്തിയിരുന്നു.
മുട്ട കഴിച്ചാണ് ദിവസം തുടങ്ങിയിരുന്നതെന്ന് പിക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അല്ലു പറയുന്നു. പ്രഭാതഭക്ഷണം എല്ലാദിവസവും ഒന്നു തന്നെയായിരുന്നു. മുട്ട എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാത്രി ഭക്ഷണം ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. ചുരുക്കം ചില ദിവസങ്ങളില്‍ ചോക്ലേറ്റ് കഴിച്ചിരുന്നു. ഓട്ടവും കാലിസ്‌തെനിക്‌സും ചേര്‍ന്നതായിരുന്നു അല്ലു അര്‍ജുന്റെ വര്‍ക്കൗട്ട്.
വെറുംവയറ്റില്‍ നാല്‍പത്തിയഞ്ചു മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ താന്‍ ഓടുമായിരുന്നു എന്ന് അല്ലു പറയുന്നു. ഓട്ടത്തിന് നിരവധി ഗുണങ്ങളുണ്ട് എന്നാല്‍ വെറുംവയറ്റിലെ ഓട്ടത്തിന് ഗുണങ്ങള്‍ കൂടും. ഫാറ്റ് ലോസ് ാഗ്രഗിക്കുന്നവര്‍ക്ക് ഇത് ഒന്ന് പരീക്ഷീക്കാവുന്നതാണ് .അവ എന്തൊക്കെ എന്നറിയാം.
വെറുംവയറ്റില്‍ ഓടുമ്പോള്‍ കൊഴുപ്പിനെ ശരീരം കത്തിച്ചു കളയുന്നു. ശേഖരിക്കപ്പെട്ട അന്നജമായ ഗ്ലൈക്കോജന്റെ അളവ് കുറവായതിനാലാണിത്. കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെറും വയറ്റിലെ ഓട്ടം ഏറെ ഗുണം ചെയ്യും.
വെറുംവയറ്റില്‍ ഓടുന്നത് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായകമാണ്. ഓട്ടം ഉള്‍പ്പെടെ വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് വളര്‍ച്ചാ ഹോര്‍മോണുകളുടെ അളവ് കൂട്ടും. ഇത് പേശികളുെട ക്ഷതം അകറ്റാനും കൊഴുപ്പിന്റെ ഉപാപചയ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.
വര്‍ക്കൗട്ടിന് മുന്‍പ് ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഇത് ഏറെ സൗകര്യമാണ്. രാവിലെ സമയം കുറവുള്ളപ്പോള്‍ ഈ ശീലം ഏറെ ഗുണം ചെയ്യും. വെറും വയറ്റില്‍ വ്യായാമം ചെയ്യുന്നത് മാനസികമായ വ്യക്തത വരാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.
വെറും വയറ്റിലെ ഓട്ടം എല്ലാവര്‍ക്കും നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ചിലരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനും ഇതുമൂലം തലകറക്കവും ബോധക്കേടും ഉണ്ടാവാനും സാധ്യതയുണ്ട്. വെറുംവയറ്റില്‍ എന്ത് വ്യായാമം ചെയ്യുമ്പോഴും അതിനുമുന്‍പ് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.