ഇതര സംസ്ഥാനങ്ങളിലേക്കു പോയ മലയാളികള്‍ക്ക് കോവിഡ് പോസറ്റീവ് : വൈറസ് ബാധ കേരളത്തില്‍ നിന്നല്ലെന്ന കണ്ടെത്തല്‍

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലേക്കു പോയി കോവിഡ് പോസിറ്റീവ് ആയ മലയാളികളില്‍ 90% പേര്‍ക്കും രോഗം വന്നതു കേരളത്തില്‍ നിന്നല്ലെന്ന കണ്ടെത്തലുമായി ആരോഗ്യ വകുപ്പ്. കേരളത്തില്‍ നിന്നു പോയി മറ്റു സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ച 110 മലയാളികളില്‍ 87 പേരുടെ എപ്പിഡെമിയളോജിക്കല്‍ പഠനം നടത്തിയപ്പോള്‍ വെറും 7 പേര്‍ക്കു മാത്രമാണു കേരളത്തില്‍ നിന്നു രോഗം പകര്‍ന്നതെന്നാണു കണ്ടെത്തിയത്.

80 പേര്‍ക്കു രോഗം ബാധിച്ചതു കേരളത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ രോഗം വന്നത് എവിടെ നിന്നെന്നു വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ ആരോഗ്യ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി കേരളത്തില്‍ നിന്നെത്തിയ 150 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെക്കുറിച്ചു കേരളം അന്വേഷണം നടത്തുന്നില്ലെന്നു വ്യാപക വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചത്. കേരളത്തില്‍ സമൂഹവ്യാപനം നടന്നുവെന്നതിന്റെ തെളിവുകളിലൊന്നായി ഐഎംഎ മുഖ്യമന്ത്രിക്കു നല്‍കിയ കത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

ഇതര സംസ്ഥാനങ്ങളിലേക്കു പോയ തൃശൂരിലെ 3 പേര്‍ക്കും ഇടുക്കി, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും മാത്രമേ കേരളത്തില്‍ നിന്നു രോഗബാധയുണ്ടായുള്ളൂ എന്നാണു റിപ്പോര്‍ട്ട്.

കാസര്‍കോട്ടു നിന്നു പോയ 12, കൊല്ലത്തു നിന്നു പോയ 10 പേരുള്‍പ്പെടെ ബാക്കിയുള്ളവര്‍ക്കെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ എത്തിയ ശേഷമാണു രോഗം വന്നതെന്നാണു കണ്ടെത്തല്‍. കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം കേരളത്തില്‍ നിന്നെത്തിയ 40 പേര്‍ക്കു തമിഴ്‌നാട്ടില്‍ രോഗം കണ്ടെത്തിയിരുന്നു.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7