കോവിഡ് ; 54 ദിവസം വെന്റിലേറ്ററില്‍, 102 ദിവസത്തെ ആശുപത്രി വാസം, തിരിച്ചുവരവ് സാധ്യമല്ലെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും ജീവിതത്തിലേക്കു മടങ്ങി പാസ്റ്റര്‍

കൊച്ചി: തൊട്ടടുത്ത കിടക്കകളിലെ പുതപ്പുകളിലേയ്ക്ക് മരണം നൂണ്ടു കയറുന്നു. മൃതദേഹങ്ങള്‍ ഗാര്‍ബേജ് ബാഗുകളിലേക്ക് മാറ്റി പുറംതള്ളുന്നതിന് ഒരുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. കാഴ്ചകളെ അതിന്റെ പാട്ടിനുവിട്ട് രണ്ടര മാസം നീണ്ട ഉറക്കം, അല്ല കോമയിലേക്ക്. അങ്ങനെ ആറാഴ്ച. 54 ദിവസം വെന്റിലേറ്ററില്‍ കിടന്നു. കോവിഡ് ബാധിച്ച് 102 ദിവസത്തെ ആശുപത്രി വാസം. തിരിച്ചുവരവ് സാധ്യമല്ലെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും ജീവിതത്തിലേക്കു മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണു കുമ്പനാട് സ്വദേശി പാസ്റ്റര്‍ ബഞ്ചമിന്‍ തോമസ്. ന്യൂയോര്‍ക്കില്‍ പല ആശുപത്രികളിലായി ദിവസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഇപ്പോള്‍ വീട്ടില്‍ ആരോഗ്യം വീണ്ടെടുക്കുകയാണ് ഇദ്ദേഹം

ചര്‍ച്ചില്‍ സംഘടിപ്പിച്ച 21 ദിവസം നീണ്ട പ്രാര്‍ഥനാ യോഗങ്ങളുടെ അവസാനത്തെ ആഴ്ചയിലാണ് ബഞ്ചമിന് ശരീരവേദനയും പനിയും അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗികള്‍ നിറഞ്ഞ് കിടക്കകള്‍ ഇല്ലാത്തതിനാല്‍ ആന്റിബയോട്ടിക്‌സ് നല്‍കി ഡോക്ടര്‍ വീട്ടിലേക്കയച്ചു. എന്തെങ്കിലും ഗുരുതരാവസ്ഥയുണ്ടെങ്കില്‍ വന്നാല്‍ മതിയെന്നു പറഞ്ഞാണു യാത്രയാക്കിയത്. പനി കൂടുന്നതല്ലാതെ കുറയുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ഇതിനിടെ ശ്വാസതടസം നേരിട്ടതോടെയാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തുന്നത്. എത്തി അഞ്ചു മിനിറ്റിനുള്ളില്‍ തളര്‍ന്നുവീണു. ഉടനെ വെന്റിലേറ്ററിലേക്കു മാറ്റി.

അവിടെ സഹോദര ഭാര്യ ഷൈനി ഫ്‌ലോര്‍ ഇന്‍ചാര്‍ജായി ഡ്യൂട്ടിയിലുണ്ടായിരുന്നത് നേട്ടമായി. ബോധം നഷ്ടപ്പെടുന്നതിനു മുന്‍പുതന്നെ വെന്റിലേറ്ററിലേക്കു മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നത്രെ. അതൊന്നും ഓര്‍മയിലില്ല. ദിവസം കഴിയുന്തോറും പ്രതീക്ഷയ്ക്ക് വക നഷ്ടമായി. ന്യൂയോര്‍ക്കില്‍ രോഗം ഏറ്റവും മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സമയം കൂടിയാണ്. ശ്രദ്ധ കിട്ടാതെ തന്നെ നിരവധി പേര്‍ മരിക്കുന്നുണ്ട്. നഴ്‌സായ ഷൈനിയുടെ സാന്നിധ്യം കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിന് സഹായിച്ചു. ആരോഗ്യം മെച്ചപ്പെടുന്നില്ലെന്നു മനസ്സിലായതോടെ ന്യൂയോര്‍ക്കിലെ ഏറ്റവും മികച്ച ആശുപത്രികളില്‍ ഒന്നായ മൗണ്ട് സയോണ്‍ ആശുപത്രിയിലേക്ക് മാറ്റാനായി ശ്രമം.

മൂന്നു പ്രാവശ്യം ആംബുലന്‍സ് വന്നതാണു കൊണ്ടു പോകാന്‍. ഓരോ പ്രാവശ്യവും വെന്റിലേറ്ററില്‍ നിന്നെടുത്ത് സ്ട്രക്ചറിലേക്കു മാറ്റാന്‍ സാധിക്കുന്നില്ല. ഹൃദയം നിന്നു പോകുന്നതിന്റെ ലക്ഷണങ്ങള്‍. മൂന്നു പ്രാവശ്യവും വേണ്ടെന്നു വച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഒരു അവസരം വിനിയോഗിക്കാന്‍ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം. ആശുപത്രി എത്തും മുന്‍പ് മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും റിസ്‌കെടുത്ത് ആംബുലന്‍സില്‍ കയറ്റി. നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. അവിടെ ആശുപത്രിയില്‍ സംവിധാനങ്ങളെല്ലാം ഒരുക്കി ഡോക്ടര്‍ കാത്തിരുന്നു.

അവിടെ എത്തിച്ചു തന്നാല്‍ ബാക്കി നോക്കാമെന്ന് വാക്കു നല്‍കിയത് മൗണ്ട് സയോണിലെ മലയാളി ഡോക്ടര്‍ റോബിന്‍ വര്‍ഗീസാണ്. 45 മിനിറ്റില്‍ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററില്‍ കോമയില്‍ കിടക്കുകയാണ്. ചികിത്സയുടെ ദിവസങ്ങള്‍ നീണ്ടു. ഇതിനിടെ ഏപ്രില്‍ 16ന്, ആരോഗ്യം കൂടുതല്‍ മോശമായതോടെ ചുമതലയുള്ള സംഘം ഡോക്ടറെ ഫോണില്‍ വിളിച്ച് സംസാരിച്ചു. പ്രതീക്ഷയുടെ അവസാനനാളവും നഷ്ടപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്‍കാവുന്ന ചികിത്സ എല്ലാം നല്‍കിയിട്ടുണ്ട്, ഇനി ദൈവത്തിനേ എന്തെങ്കിലും ചെയ്യാനാകൂ. അതു ചെയ്യണമെന്നു താനും പ്രാര്‍ഥിച്ചെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.

പിന്നെ തിരിച്ചുവരവ് പെട്ടെന്നായിരുന്നു. ശരീരം മരുന്നുകളോട് ഗുണകരമായി പ്രതികരിച്ചു തുടങ്ങി. രണ്ടാഴ്ചകൊണ്ട് നടക്കാന്‍ സാധിക്കുമെന്നായി. ഇതിനിടെ ഭാരം 22 കിലോയിലേറെ കുറഞ്ഞിരുന്നു. ബന്ധുക്കള്‍ക്ക് വന്നു കാണാമെന്നായി. ഭാര്യ മേഴ്‌സി വന്ന് സംസാരിക്കുകയും പ്രാര്‍ഥിക്കുകയുമെല്ലാം ചെയ്തതു മാനസികമായി നല്ല പിന്തുണ നല്‍കി. ഇതിനിടെ ഭാര്യയ്ക്കും പ്രശ്‌നങ്ങളുണ്ടായെങ്കിലും ആരോഗ്യം വീണ്ടെടുത്തു. കോവിഡ് നെഗറ്റീവായെങ്കിലും ശരീരം പഴയ ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. ശ്വാസമെടുക്കുന്നതിനെല്ലാം പ്രയാസമുണ്ടെങ്കിലും ഇപ്പോള്‍ നല്ല ആശ്വാസമുണ്ട്. രോഗാവസ്ഥയില്‍ കഴിയുമ്പോള്‍ തനിക്കുവേണ്ടി നിരവധി പേര്‍ പ്രാര്‍ഥിച്ചെന്ന് അറിയാന്‍ സാധിച്ചു.

അവരോടും ഡോക്ടര്‍മാരോടും നന്ദി മാത്രമാണ് പറയാനുള്ളതെന്ന് ബഞ്ചമിന്‍ പറയുന്നു. കോവിഡ് ബാധിച്ചാല്‍ സാധാരണ നിലയില്‍ 14 ദിവസം കൊണ്ട് പോസിറ്റീവാകുമെന്നാണ് കണക്ക്. ഓരോരുത്തരെയും രോഗം എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നതനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. എന്നാല്‍ 102 ദിവസം ഒക്കെ നീളുന്ന ചികിത്സ അപൂര്‍വമാണെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. 35 വര്‍ഷം മുന്‍പ് സഹോദരിക്കൊപ്പം പഠനത്തിന് യുഎസിലെത്തിയതാണ് കുമ്പനാട് പുളിക്കല്‍ കുഴി ബെഞ്ചമിന്‍ തോമസ്. പഠനം കഴിഞ്ഞ് ന്യൂയോര്‍ക്കില്‍ തന്നെ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്തു. തുടര്‍ന്ന് സുവിശേഷ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവമായി. ഇപ്പോള്‍ ആഫ്രിക്കയില്‍ കുടിവെള്ളമില്ലാത്തവര്‍ക്ക് കിണര്‍ കുഴിച്ചു നല്‍കുന്നത് ഉള്‍പ്പടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഒപ്പം സുവിശേഷ പ്രവര്‍ത്തനങ്ങളും. ഒരു മകളാണുള്ളത്, അബിഗേല്‍.

കടപ്പാട് മനോരമ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7