മധു കൊല്ലപ്പെട്ടതില്‍ പിണറായി ഒന്നാം പ്രതിയാണെന്ന് കുമ്മനം

തിരുവനന്തപുരം: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്നു കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മധുവിന്റെ വീട്ടില്‍ പോകാനോ മോര്‍ച്ചറിയില്‍ പോയി മൃതദേഹം കാണാനോ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ആദിവാസി ക്ഷേമത്തിനു നല്‍കുന്ന പണം മുഴുവന്‍ കൊള്ളയടിക്കുന്നു. ആ പണം തട്ടിയെടുക്കുന്ന തമ്പ്രാക്കന്‍മാരുടെ ഗുരുവാണു പിണറായി. കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. ഗര്‍ഭിണിയെ വരെ സിപിഐഎം പ്രവര്‍ത്തകര്‍ ചവിട്ടി പിഞ്ചുകുഞ്ഞിനെ കൊല്ലുന്നു. സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ കേരളത്തിനുവേണ്ടി ഒഴുക്കിയ വിയര്‍പ്പു വെറുതെയായെന്നും കുമ്മനം പറഞ്ഞു.
മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ 24 മണിക്കൂര്‍ ഉപവാസം തുടങ്ങി. കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനു കുറ്റകരമായ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഉപവാസം. ഒ.രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നേതാക്കള്‍ കൈകള്‍ കൂട്ടിക്കെട്ടിനിന്നു മധുവിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസം ആരംഭിച്ചത്.
അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ആദിവാസികളെ നക്‌സലൈറ്റുകളെന്നും തീവ്രവാദികളെന്നും മുദ്രകുത്തരുതെന്നു ജെആര്‍എസ് ചെയര്‍മാന്‍ സി.കെ. ജാനു അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കാട്ടില്‍ നിന്നു തടി കടത്തുന്നവനും ആനക്കൊമ്പ് മോഷ്ടിക്കുന്നവനും സമൂഹത്തില്‍ സൈ്വര്യമായി വിഹരിക്കുമ്പോള്‍ വിശന്നുവലയുന്നവനെ അടിച്ചു കൊല്ലുന്ന രീതിയാണു നടന്നുവരുന്നത്. ആദിവാസിക്ഷേമത്തിനു വേണ്ടി വിനിയോഗിക്കുന്ന തുക ആദിവാസികള്‍ക്കു നേരിട്ടു കൊടുത്തിരുന്നുവെങ്കില്‍ അവര്‍ കോടീശ്വരന്‍മാരാകും. മന്ത്രി എ.കെ.ബാലന്‍ രാജിവയ്ക്കണമെന്നും ജാനു ആവശ്യപ്പെട്ടു.
കേരളം പേരുകേട്ട സംസ്ഥാനമാണെങ്കിലും ഭരണാധികാരികളുടെ പിടിപ്പുകേടു കാരണമാണ് വിശന്നുവലഞ്ഞ് അരിയെടുത്തവനെ അടിച്ചു കൊല്ലുന്ന അവസ്ഥയിലേക്കെത്തിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പട്ടികവര്‍ഗ മോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് റാം വിചാര്‍ നേതാം എംപി പറഞ്ഞു.കോടിക്കണക്കിനു രൂപയാണ് ആദിവാസി ക്ഷേമത്തിനു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. മധുവിന്റെ മരണം ലോക്സഭയും രാജ്യസഭയും ചര്‍ച്ച ചെയ്യണമെന്നും റാം വിചാര്‍ നേതാം ആവശ്യപ്പെട്ടു. പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാലാണു മധുവിന്റെ മരണം പുറത്തറിഞ്ഞത്. അല്ലെങ്കില്‍ അട്ടപ്പാടിയില്‍ നടന്ന മറ്റു മരണങ്ങളെപ്പോലെ അസ്വാഭാവിക മരണമാകുമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7