പൊലീസുകാരെ മഹത്വവത്കരിച്ച് അഞ്ചു പടങ്ങള്‍ ചെയ്തതില്‍ ഞാനിന്ന് വളരെയധികം വേദനിക്കുന്നുവെന്ന് സിങ്കം സംവിധായകന്‍

പൊലീസുകാരെ മഹത്വവത്കരിച്ച് അഞ്ചു പടങ്ങള്‍ ചെയ്തതില്‍ ഞാനിന്ന് വളരെയധികം വേദനിക്കുകയാണ്. അതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുവെന്നും പ്രമുഖ സംവിധായകന്‍ ഹരി.

തൂത്തുക്കുടി സ്വദേശികളായ ജയരാജ്, ഫെനിക്സ് എന്നിവര്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് ഹരിയുടെ പ്രതികരണം. തമിഴിലെ ഏറ്റവും മികച്ച പൊലീസ് ചിത്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിങ്കം സീരീസ്, സാമി, സാമി 2, എന്നീ ചിത്രങ്ങളൊരുക്കിയത് ഹരിയാണ്.

എന്നാല്‍ പൊലീസുകാര്‍ക്ക് ഹീറോ പരിവേഷം നല്‍കി ഇത്തരം ചിത്രങ്ങള്‍ ഒരുക്കിയതില്‍ ഇപ്പോള്‍ വേദന തോന്നുന്നുവെന്നാണ് ഹരി തന്റെ പ്രസ്താവനയില്‍ പറയുന്നത്. പൊലീസുകാരില്‍ ചിലര്‍ ചെയ്ത പ്രവൃത്തി പൊലീസ് സേനയെ തന്നെ ഇന്ന് കളങ്കപ്പെടുത്തിയിരിക്കുകയാണ്. പൊലീസുകാരെ മഹത്വവത്കരിച്ച് അഞ്ചു പടങ്ങള്‍ ചെയ്തതില്‍ ഞാനിന്ന് വളരെയധികം വേദനിക്കുകയാണ്.. പ്രസ്താവനയില്‍ ഹരി പറയുന്നു.

”സാത്താന്‍കുളത്ത് നടന്നത് പോലെ ഭയാനകവും ക്രൂരവുമായ ഒരു സംഭവം തമിഴ്‌നാട്ടില്‍ ആര്‍ക്കും ഇനി സംഭവിക്കരുത്. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുക എന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഏക മാര്‍ഗം’ ഹരി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular