ഇന്ത്യയില്‍ ഇത് ആദ്യ സംഭവം; കോവിഡ് ബാധിതരായ കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങളും

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരായ കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടി. ചര്‍മത്തില്‍ തിണര്‍പ്പോടു കൂടിയ കടുത്ത പനിയാണു കാവസാക്കിയുടെ പ്രധാന സൂചന. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാകും.

യുഎസ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച കുട്ടികളില്‍ കാവസാക്കി ലക്ഷണം കണ്ടിരുന്നെങ്കിലും ഇന്ത്യയില്‍ ആദ്യമാണ്.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 1,64,626 ആയി. ഏഴു ദിവസത്തിനിടെ മാത്രം 31,501 പേര്‍ക്കാണ് രോഗം. ഇന്നലെ സ്ഥിരീകരിച്ചത് 5,493 പേര്‍ക്ക്. 1,208 പേരാണ് ഒരാഴ്ചയ്ക്കിടെ മരിച്ചത്. ഇന്നലെ മരണം 56. ആകെ മരണം 7,393. കോവിഡ് ബാധിച്ചു മരിച്ച പൊലീസുകാര്‍ 57 ആയി.

അതിനിടെ, 30 വരെ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണ്‍ അതിനു ശേഷവും തുടരുമെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. 3 മാസത്തെ ഇടവേളയ്ക്കു ശേഷം ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറന്നു.

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ 82,275. ഇതില്‍ 53,762 പേര്‍ ചെന്നൈയില്‍. ഇന്നലെ സംസ്ഥാനത്തു രോഗം 3,940 പേര്‍ക്ക്. ഒന്നരവയസ്സുകാരി ഉള്‍പ്പെടെ ഇന്നലെ മരണം 54. മൊത്തം മരണം 1,079. ഇതില്‍ 809 ചെന്നൈയില്‍. വിഴുപുറം ജില്ലയിലെ സെഞ്ചി ഡിഎംകെ എംഎല്‍എ മസ്താനു കോവിഡ്. ഇതോടെ, സംസ്ഥാനത്ത് കോവിഡ് ബാധിച്ച എംഎല്‍എമാര്‍ 6.

ഡല്‍ഹിയിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ ആശുപത്രിയായ എല്‍എന്‍ജെപിയിലെ അനസ്തീസിയ വിഭാഗം സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. അഷീം ഗുപ്ത(55) കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ 2,889 പേര്‍ക്കു കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതര്‍ 83,077. ഇന്നലെ മരണം 65. മൊത്തം മരണം 2,623.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7