മഹാരാഷ്ട്രയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്. ഒരു ദിവസം സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,64,626 ആയി. 156 മരണംകൂടി ഇന്ന് റിപ്പോര്‍ട്ടു ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 7429 ആയി.
ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 156 മരണങ്ങളില്‍ 60 എണ്ണം കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ സംഭവിച്ചതാണ്. മുന്‍പ് മരിച്ച പലരുടെയും മരണകാരണം കോവിഡാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. ആ കണക്കുകള്‍കൂടി ചേര്‍ത്താണ് ഇന്ന് 156 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. 2330 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 86,575 ആയി.
70,607 ആക്ടീവ് കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയിലുള്ളത്. 9,23,502 പരിശോധനകള്‍ ഇതുവരെ മഹാരാഷ്ട്രയില്‍ നടന്നിട്ടുണ്ടെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 30നു ശേഷവും തുടരുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനം കോവിഡ് ഭീഷണി നേരിടുകയാണ്. ജൂണ്‍ 30 നുശേഷം ലോക്ക്ഡൗണ്‍ പിന്‍വലിക്കുമോ എന്നു ചോദിച്ചാല്‍ വ്യക്തമായ ഉത്തരമില്ല എന്നയാരിക്കും മറുപടിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സാമ്പത്തിക മേഖലയെ സജീവമാക്കുന്നതിന് തുറക്കല്‍ നടപടികള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനിടെ ചേരി പ്രദേശമായ ധാരാവിയില്‍ ഇന്ന് 13 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതോടെ ധാരാവിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2245 ആയി. 81 പേരാണ് ധാരാവിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. അതിനിടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മഹാരാഷ്ട്രയിലെ 150 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പോലീസുകാര്‍ക്കിടയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4666 ആയി. ഒരു പോലീസുകാരന്‍ ഞായറാഴ്ച മരിച്ചതോടെ ആകെ മരണം 57 ആയി.
follow us: pathram online