ബ്രസല്‍സ്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ ഭാഗമായി മാറാനുറച്ച് യുഎസ്. യൂറോപ്പില്‍നിന്നു സൈനികരെ പിന്‍വലിക്കാനെടുത്ത തീരുമാനം ഇന്ത്യയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യക്കും സംരക്ഷണം ഒരുക്കാനാണെന്നു യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ.
ജര്‍മനിയില്‍നിന്നു സൈനികരെ പിന്‍വലിക്കാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണെന്നും അവരെ മറ്റിടങ്ങളില്‍ വിന്യസിക്കുമെന്നും പോംപെയോ പറഞ്ഞു. ബ്രസല്‍സ് ഫോറത്തില്‍ നടത്തിയ പ്രസംഗത്തിലാണു പോംപെയോയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
ജര്‍മനിയിലെ യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന യൂറോപ്യന്‍ യുണിയന്‍ രാജ്യങ്ങളെ രോഷാകുലരാക്കിയ സാഹചര്യത്തിലാണു വിശദീകരണവുമായി യുഎസ് രംഗത്തെത്തിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീക്കങ്ങള്‍ ഇന്ത്യ, വിയറ്റ്നാം, ഇന്തോനീഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്കും ദക്ഷിണ ചൈന കടലിനും വന്‍ഭീഷണിയാണ്. പീപ്പള്‍സ് ലിബറേഷന്‍ ആര്‍മിയെ (പിഎല്‍എ) ഫലപ്രദമായി ചെറുക്കാനുള്ള നീക്കങ്ങളാണ് അമേരിക്ക നടത്തുന്നതെന്നു പോംപെയോ പറഞ്ഞു.
കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. അതു തരണം ചെയ്യാന്‍ എല്ലായിടത്തും ആവശ്യത്തിനു സന്നാഹങ്ങളുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും പോംപെയോ പറഞ്ഞു. ചൈന ലോകത്തിനാകെ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചര്‍ച്ച ആരംഭിക്കും. ചൈനീസ് ഭീഷണിക്കെതിരെ ഒരു പൊതുസഖ്യം രൂപീകരിക്കാനും ഒരുമിച്ചു നടപടിയെടുക്കാനുള്ള ശ്രമത്തിലുമാണെന്നും പോംപിയോ പറഞ്ഞു.
അതിനിടെ ചൈനയ്ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും രംഗത്തെത്തി. പരസ്പര ധാരണകള്‍ എല്ലാം അവഗണിക്കുന്ന തരത്തിലാണ് അതിര്‍ത്തിയില്‍ ചൈന വീണ്ടും കടന്നുകയറ്റം നടത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. മേയ് മുതല്‍ തന്നെ ചൈന അതിര്‍ത്തിയിലേക്കു വന്‍തോതില്‍ സൈനികരെയും ആയുധങ്ങളും എത്തിച്ചിരുന്നു.
ചര്‍ച്ചകള്‍ക്കുശേഷവും ചൈന പിന്മാറുന്ന ലക്ഷണമല്ല കാണിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. മുന്‍പ് കടന്നുകയറ്റം നടത്തുന്ന മേഖലകളില്‍നിന്നു ചൈന പിന്മാറിയിരുന്നു. എന്നാല്‍ ഈ വര്‍ഷം അവര്‍ ധാരണകള്‍ എല്ലാം ലംഘിക്കുകയാണ്. അതിര്‍ത്തിയില്‍ ഏകപക്ഷീയമായി മാറ്റം വരുത്താന്‍ ഇന്ത്യ ഒരു നീക്കവും നടത്തിയിട്ടില്ല. 1993ലെ കരാറിനു വിരുദ്ധമായാണ് ചൈന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് ഇരുവശവും ഇപ്പോഴും ചൈനീസ് സൈനിക സാന്നിധ്യം ശക്തമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍നിന്നു വ്യക്തമാണ്. 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ച 14ാം പട്രോള്‍ പോയിന്റിനു സമീപത്താണിത്. 15ാം പട്രോള്‍ പോയിന്റില്‍ ചൈനീസ് സൈന്യം വലിയ ടെന്റുകള്‍ കെട്ടിയിട്ടുണ്ട്. ഒരു മാസത്തോളമായി ഇവര്‍ ഇവിടെ തുടരുകയാണെന്നാണു സൂചന.
17ാം പട്രോള്‍ പോയിന്റില്‍ ഇന്ത്യയും ചൈനയും വന്‍സൈനിക നീക്കമാണു നടത്തിയിരിക്കുന്നത്. പാംഗോങ് തടാക പ്രദേശത്ത് ഫിംഗര്‍ 4 വരെ ചൈനീസ് സൈന്യം എത്തിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇവിടേക്ക് സൈനിക വാഹനങ്ങളും ബോട്ടുകളും എത്തിച്ചിട്ടുണ്ട്.
ഗല്‍വാന്‍, ഹോട് സ്പ്രിങ്സ്, പാംഗോങ് എന്നിവയ്ക്കു പുറമേ ഡെപ്സാങ്ങിനു സമീപവും ചൈനയുടെ പടയൊരുക്കം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, ഗല്‍വാന്‍ താഴ്വര പൂര്‍ണമായി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു ചൈന പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. നിയന്ത്രണ രേഖയ്ക്ക് (എല്‍എസി) ഏതാനും കിലോമീറ്റര്‍ അകലെ, ഇന്ത്യയുടെ ഭാഗത്തു ഷ്യോക് – ഗല്‍വാന്‍ നദികള്‍ സംഗമിക്കുന്നിടം വരെ തങ്ങളുടേതാണെന്നാണു ചൈനയുടെ വാദം.
Follow us: pathram online