ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ചൈന

ഗാല്‍വാനില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടത് വ്യാജവാര്‍ത്തയാണെന്നു ചൈന. അതേസമയം സൈനിക തലത്തിലെ ചര്‍ച്ചകള്‍ തുടരാനും പരസ്പര ധാരണയോടെ പിന്‍വാങ്ങാനും ഇന്ത്യ–ചൈന കോര്‍ കമാന്‍ഡര്‍മാരുടെ മാരത്തണ്‍ ചര്‍ച്ചയില്‍ ഇന്നലെ ധാരണയായെന്നും റിപ്പോര്‍ട്ടുണ്ട്. സൈനികതലത്തിലെ ചര്‍ച്ച തുടരും. ഇന്ത്യന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ഇല്ലാതാക്കുമെന്ന് ചൈന വ്യക്തമാക്കി.

അതേസമയം, സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ അതിര്‍ത്തിയിലെ സേന വിന്യാസം നേരിട്ട് വിലയിരുത്താന്‍ കരസേന മേധാവി ലഡാക്കിലേയ്ക്ക് തിരിച്ചു. ചൈന അതിര്‍ത്തിയിലെ 32 റോഡുകളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇന്ത്യ ചൈന സംഘര്‍ഷം ജീവഹാനിയില്‍ കലാശിച്ചതിന് ശേഷം ആദ്യമായാണ് കരസേന മേധാവി ജനറല്‍ എം.എം നരവനെ അതിര്‍ത്തിയിലെത്തുന്നത്. കിഴക്കന്‍ ലഡാക്കിലെ സേനാ വിന്യാസം, ചൈനയുമായുള്ള ചര്‍ച്ചകളുടെ പുരോഗതി എന്നിവ കരസേന മേധാവി വിലയിരുത്തും. ചൈനയുടെ ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെ സന്ദര്‍ശിക്കും. പാക് പ്രകോപനം തുടരുന്ന ജമ്മുകശ്മീരിലും ജനറല്‍ നരവനെ സന്ദര്‍ശനം നടത്തും. ഗല്‍വാനിലെ സംഘര്‍ഷത്തില്‍ ചൈനയുടെ കമാന്‍ഡിങ് ഓഫീസറും കൊല്ലപ്പെട്ടതായി ഇന്നലെ നടന്ന സൈനിക തല ചര്‍ച്ചയില്‍ ചൈന സമ്മതിച്ചു.

ഇന്ത്യ ചൈന കോര്‍ കമാന്‍ഡര്‍മാരുടെ ഇന്നലത്തെ ചര്‍ച്ച പതിനൊന്ന് മണിക്കൂര്‍ നീണ്ടു നിന്നു. ഏപ്രലിലെ അവസ്ഥയിലേയ്ക്ക് അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ മാറണമെന്ന് ഇന്ത്യ കര്‍ശനമായ നിലപാടെടുത്തു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈന പൂര്‍ണമായും ഉപേക്ഷിക്കണം. അധികസേന വിന്യാസം ഒഴിവാക്കണം. പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കും. ഇന്ത്യ നിലപാട് ഉറപ്പിച്ച് പറഞ്ഞു.

ഏതായാലും സൈനിക തലത്തില്‍ ചര്‍ച്ചകള്‍ തുടരാന്‍ ധാരണയായി. ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ഉഭയകക്ഷി വിഷയങ്ങള്‍ ഒഴിവാക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തി സംഘര്‍ഷത്തിനുശേഷം ചൈനീസ് വിദേശകാര്യമന്ത്രിയുമായി മുഖാമുഖം വരുമ്പോള്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അതിര്‍ത്തിയിലെ സാഹചര്യവും പരാമര്‍ശിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ വിളിച്ച യോഗത്തില്‍ അതിര്‍ത്തിയിെല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

#INDIA_CHINA_ISSUE #BORDER #GALWAN #ARMY_ATTACK #BORDER_ISSUE #CHINA #PATHRAM_ONLINE #LATEST_NEWS #NATIONAL

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7