യുദ്ധവിമാനങ്ങളുടെയും അന്തര്‍വാഹിനികളുടെയും ടാങ്കുകളുടെയും യന്ത്രഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഉടന്‍ ഇന്ത്യയില്‍ എത്തിയ്ക്കാന്‍ നീക്കം

ന്യൂഡല്‍ഹി: യുദ്ധവിമാനങ്ങളുടെയും അന്തര്‍വാഹിനികളുടെയും ടാങ്കുകളുടെയും യന്ത്രഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഉടന്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് റഷ്യയോട് ആവശ്യപ്പെടും. യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവയുടെ ഘടകങ്ങള്‍ കടല്‍മാര്‍ഗം എത്തിക്കുന്നതിന് പകരം വ്യോമമാര്‍ഗം അതിവേഗം ഇന്ത്യയില്‍ എത്തിക്കാനാണ് നീക്കമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആണിത്.

നിലവില്‍ മൂന്ന് ദിവസത്തെ റഷ്യ സന്ദര്‍ശനം നടത്തുന്ന രാജ്നാഥ് സിങ് റഷ്യയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ലഡാക്കിലെ സ്ഥിതിഗതികള്‍ രാജ്നാഥ് റഷ്യയിലെ നേതാക്കളെ ധരിപ്പിക്കും. റഷ്യയില്‍നിന്ന് വാങ്ങിയ സുഖോയ്, മിഗ് വിമാനങ്ങളുടെയും ടി 90 ടാങ്കുകളുടെയും കിലോ ക്ലാസ് അന്തര്‍വാഹിനികളുടെയും യന്ത്രഭാഗങ്ങളാവും റഷ്യയോട് ഉടന്‍ ആവശ്യപ്പെടുക. വ്യോമസേനയ്ക്കുവേണ്ടി Su-30MKI, MiG – 29 യുദ്ധ വിമാനങ്ങളുടെയും നാവിക സേനയ്ക്കു വേണ്ടി ങശഏ29ഗ വിമാനങ്ങളുടെയും ഘടകങ്ങളാവും ആവശ്യപ്പെടുക.

യന്ത്രഭാഗങ്ങള്‍ കടല്‍മാര്‍ഗം എത്തിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന് പിന്നാലെ നീക്കം തടസപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ റഷ്യയുമായി ദീര്‍ഘകാലമായി നിലനിന്നിരുന്ന സൗഹൃദവും അടുത്ത ബന്ധവും കണക്കിലെടുത്ത് യന്ത്രഭാഗങ്ങള്‍ വ്യോമമാര്‍ഗം അടിയന്തരമായി ഇന്ത്യയിലെത്തിക്കാന്‍ പ്രതിരോധമന്ത്രി ആവശ്യപ്പെടുമെന്ന് ഉന്നത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അടുത്ത വര്‍ഷം അവസാനം ലഭിക്കുമെന്ന് കരുതുന്ന എസ് 400 വ്യോമ പ്രതിരോധ സംവിധാനം നേരത്തെ തന്നെ ഇന്ത്യയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെടും. പല കാരണങ്ങളാല്‍ ഇതിന്റെ കൈമാറ്റം നേരത്തെ വൈകിയിരുന്നു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular