അതിര്‍ത്തി ലംഘനങ്ങള്‍ ചെറുക്കാന്‍ പര്‍വത നിരകളിലെ യുദ്ധത്തിന് പ്രത്യേക പരിശീലനം നേടിയ സൈനികരെ വിന്യസിച്ച് ഇന്ത്യ. ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ കര്‍ശന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) നടത്തുന്ന അതിര്‍ത്തി ലംഘനങ്ങള്‍ ചെറുക്കാന്‍ ആണ് നീക്കം.
3,488 കിലോമീറ്റര്‍ വരുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് മലനിരകളിലുള്ള യുദ്ധത്തില്‍ ഒരു ദശകത്തിലധികമായി പരിശീലനം നേടിയ പ്രത്യേക സേനയെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റോഡുകളില്‍ യുദ്ധ വാഹനങ്ങളില്‍ നിങ്ങുന്ന പിഎല്‍എയില്‍ നിന്ന് വ്യത്യസ്തമായി ഈ സൈനിക വിഭാഗം ഗൊറില്ല യുദ്ധത്തിലും കര്‍ഗില്‍ യുദ്ധത്തിലേത് പോലെ ഉയര്‍ന്ന മേഖലയില്‍ പോരാടുന്നതിലും പരിശീലനം സിദ്ധിച്ചവരാണ്.
പര്‍വത മേഖലയിലുള്ള പോരാട്ടം കഠിനമാണെന്ന് മുന്‍ ആര്‍മി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡ്, അരുണാചല്‍, ലഡാക്ക്, ഗോര്‍ഖ, സിക്കിം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഉയര്‍ന്ന മേഖലകളില്‍ പോരാടാന്‍ നൂറ്റാണ്ടുകളായി പൊരുത്തപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ ഉചിതമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലഡാക്ക് വിഷയവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള ഉന്നത തല യോഗത്തിലായിരുന്നു തീരുമാനം.
കര അതിര്‍ത്തി, വ്യോമാതിര്‍ത്തി, തന്ത്രപ്രധാനമായ കടല്‍ പാതകള്‍ എന്നിവിടങ്ങളിലെ ചൈനയുടെ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് രാജ്‌നാഥ് സിങ് സൈനിക മേധാവികളോട് ആവശ്യപ്പെട്ടു. ചൈനീസ് ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
FOLLOW US: pathram online