ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് രാഹുല്‍ ഗാന്ധി. ഉപഗ്രഹ ചിത്രങ്ങളില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈന അതിക്രമിച്ച് കയറിയതായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി പറഞ്ഞത് നമ്മുടെ പ്രദേശത്തേക്ക് ആരും അതിക്രമിച്ച് കയറുകയോ, കൈയ്യേറുകയോ ഉണ്ടായിട്ടില്ലെന്നാണ്. എന്നാല്‍ പാംഗോങ് തടാകത്തിന് സമീപമുള്ള പ്രദേശം ചൈന കൈയ്യേറിയതായി ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്.’ ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി യഥാര്‍ഥത്തില്‍’സറണ്ടര്‍ മോദി’യാണെന്ന് ട്വിറ്ററിലൂടെ രാഹുല്‍ പരിഹസിച്ചിരുന്നു. ചൈനയോട് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുള്ള ജപ്പാന്‍ ടൈംസിന്റെ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നില്‍ അടിയറവ് വച്ചെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ സറണ്ടര്‍ മോദിയെന്ന് വിശേഷിപ്പിച്ചുള്ള രാഹുലിന്റെ പരിഹാസം.
നേരത്തെ ഇന്ത്യന്‍ മണ്ണില്‍ ആരും കടന്നുകയറിയിട്ടില്ലെന്ന മോദിയുടെ പ്രസ്താവന വന്നതിന് പിന്നാലെ പ്രധാനമന്ത്രിയെ രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും വിമര്‍ശിച്ചിരുന്നത്. പ്രദേശം ചൈനയുടെതാണെങ്കില്‍ എങ്ങനെയാണ് നമ്മുടെ സൈനികരുടെ ജീവന്‍ നഷ്ടമായതെന്നും എവിടെവച്ചാണ് സൈനികര്‍ വീരമൃത്യുവരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
follow us: PATHRAM ONLINE