ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം കൂട്ടണമെന്നു പല വ്യാപാര സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. കളിക്കോപ്പുകള്‍, ഗൃഹോപകരണങ്ങള്‍, വളം, മൊബൈലുകള്‍, ഇലക്ട്രിക് സാധനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിങ്ങനെ ഇന്ത്യയില്‍ പ്രാദേശിക നിര്‍മാതാക്കളുമായി മത്സരിച്ചാണ് ചൈനീസ് സാധനങ്ങള്‍ എത്തുന്നത്. എന്നാല്‍ ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ പ്രകാരം ഇന്ത്യയ്ക്ക് ഏകപക്ഷീയമായി ചൈനയുടെ എല്ലാ സാധനങ്ങളെയും തടയാന്‍ കഴിയില്ല. ചൈനയില്‍ നിന്നാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഔഷധങ്ങളുടെ 60 % രാസസംയുക്തങ്ങള്‍ വരുന്നത്. ഇവയുടെ ഇറക്കുമതി നിര്‍ത്തിയാല്‍ ഔഷധവില ഉയരും. ഇത് ഇന്ത്യയെ സംബന്ധിച്ച് നിലവില്‍ നടപ്പിലാക്കാനാവാത്ത കാര്യമാണ്.
ഇന്ത്യയിലേക്ക് ചൈന കയറ്റിയയക്കുന്നത് 7032 കോടി (5.25 ലക്ഷം കോടി രൂപ) ഡോളര്‍ വിലവരുന്ന സാധനങ്ങളാണ്. ഇന്ത്യ ചൈനയിലേക്കു കയറ്റി അയക്കുന്നതാകട്ടെ 1675 കോടി ഡോളര്‍ (1.25 ലക്ഷം കോടി രൂപ) വിലയ്ക്കുള്ള സാധനങ്ങളും. ചൈനയുടെ മൊത്തം കയറ്റുമതിയുടെ 2% മാത്രമാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. അതേസമയം ഇന്ത്യയുടെ കയറ്റുമതിയുടെ 8% ചൈനയിലേക്കാണ്.
കേന്ദ്രസര്‍ക്കാരിന്റെ തന്നെ പല മന്ത്രാലയങ്ങള്‍ ചൈനീസ് കമ്പനികള്‍ക്കു കരാര്‍ നല്‍കിയിട്ടുണ്ട്. ഇവ ഉടന്‍ റദ്ദാക്കുക എളുപ്പമല്ല. ഡല്‍ഹിയില്‍ നിന്നു മീററ്റിലേക്കുള്ള റീജനല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തില്‍ തുരങ്കം നിര്‍മിക്കാനുള്ള കരാര്‍ ചൈനയിലെ ഷാങ്ഹായ് ടണല്‍ എന്‍ജിനീയറിങ് കമ്പനിക്കാണു നല്‍കിയത്. 1126 കോടി രൂപയുടെ പദ്ധതിയാണിത്. പദ്ധതിക്കായി ടാറ്റയും എല്‍ ആന്‍ഡ് ടിയും രംഗത്തുണ്ടായിരുന്നെങ്കിലും ഏറ്റവും കുറഞ്ഞ തുക ചൈന കമ്പനിയുടെതായിരുന്നു. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതു റദ്ദാക്കാന്‍ ഇനി കഴിയില്ല.
കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നതു ഭാവിയില്‍ ചൈനീസ് കമ്പനികളെ കരാറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കുക എന്നതാണ്. ആഗോള കരാറുകള്‍ വിളിക്കുമ്പോള്‍ ഇങ്ങനെ വിലക്കാന്‍ കഴിയുമോ എന്ന നിയമവശങ്ങള്‍ പഠിക്കാന്‍ കേന്ദ്രനിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Aslo: വിലക്ക് ഏര്‍പ്പെടുത്തിയാലും ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ ചൈനയ്ക്ക് സാധിക്കും
FOLLOW US: pathram online