നഴ്‌സ് ഒന്നേകാല്‍ മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി; സംഭവം കളമശേരി മെഡിക്കല്‍ കോളെജില്‍

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി ലിഫ്റ്റില്‍ പിപിഇ കിറ്റ് ധരിച്ച് നഴ്‌സിങ് അസിസ്റ്റന്റ് അബോധാവസ്ഥയില്‍ കഴിഞ്ഞത് ഒരു മണിക്കൂറിലേറെ. കളമശേരി സ്വദേശിനി സാഹിറയാണ് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് സഹായം ലഭിക്കാതെ കുടുങ്ങിക്കിടന്നത്. ലിഫ്റ്റ് പ്രവര്‍ത്തിക്കാതായതോടെ അലാറം 15 മിനിറ്റോളം ഞെക്കിപ്പിടിച്ചു നിന്നിട്ടും സഹായത്തിന് ആരും എത്തിയില്ല. പിപിഇ കിറ്റില്‍ ആയിരുന്നതിനാല്‍ അവശതയിലായി ബോധം നഷ്ടപ്പെടുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നാമത്തെ നിലയില്‍ നിന്ന് താഴേയ്ക്ക് എക്കോ മെഷീന്‍ കൊടുക്കാനായി ലിഫ്റ്റില്‍ കയറിയതായിരുന്നു. നാലു പേര്‍ക്ക് മാത്രം പ്രവേശിക്കാവുന്ന ലിഫ്റ്റില്‍ എക്കോ മെഷീനും ട്രോളികളും ഉണ്ടായിരുന്നു. ഇടയ്ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതാണ് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാകാന്‍ കാരണമായത്. പിപിഇ കിറ്റില്‍ കുറെ സമയം ചെലവഴിച്ചതോടെയാണ് ബോധം നഷ്ടമായത്.

അടുത്ത ഷിഫ്റ്റിലേയ്ക്കുള്ള നാലു പേര്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് ഇവര്‍ ലിഫ്റ്റില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പിപിഇ കിറ്റ് ധരിച്ചിരിക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് ഓടിച്ചെന്ന് സഹായിക്കാനും സാധിക്കാത്ത സാഹചര്യമുണ്ടായി. പിന്നീട് കൂടുതല്‍ പേരെത്തി സ്റ്റെപ്പിലൂടെ ചുമന്നാണ് ഇവരെ താഴെ കാഷ്വാലിറ്റിയിലെത്തിച്ചത്. വൈകിട്ട് ആറരയോടെയാണ് ബോധം വന്നത്. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. അതേസമയം കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ള കെട്ടിടത്തിലെ വാര്‍ഡിലാണ് ഇവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വന്തമായി മുറിയിലേയ്ക്ക് മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ 16 ലക്ഷം രൂപ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനം നടത്തിയ കെട്ടിടത്തിലാണ് സംഭവം. ഇതിന്റെ ലിഫ്റ്റ് സ്ഥിരമായി പണിമുടക്കിലാണെന്നും ഇവിടെ ജോലി ചെയ്യുന്നവര്‍ പറയുന്നു. അതുകൊണ്ടു തന്നെ നഴ്‌സുമാര്‍ ഒറ്റയ്ക്ക് പോകേണ്ടി വരുമ്പോള്‍ ഈ ലിഫ്റ്റില്‍ കയറില്ലത്രെ. ഒന്നിലധികം പേരുണ്ടെങ്കില്‍ മാത്രമാണ് കയറുക. ഇതിന് സ്ഥിരമായി ഒരു ലിഫ്റ്റ് ഓപ്പറേറ്റര്‍ ഉണ്ടെങ്കിലും ബ്ലഡ്ബാങ്കില്‍ മറ്റു ആവശ്യത്തിന് പറഞ്ഞയച്ചിരിക്കുകയായിരുന്നു.

15 മിനിറ്റില്‍ കൂടുതല്‍ സ്ത്രീ ലിഫ്റ്റില്‍ കിടന്നിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് പ്രതികരിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ല. പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular