പാലക്കാട് : ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ കോവിഡ് വാര്‍ഡില്‍ പാമ്പു കയറി. ഇന്നലെ ഉച്ചയോടെയാണു രോഗികളെയും ആശുപത്രി അധികൃതരെയും മുള്‍മുനയില്‍ നിര്‍ത്തി ചേരപ്പാമ്പ് വിളയാട്ടം നടത്തിയത്. 10 കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന വാര്‍ഡില്‍ പുറത്തു നിന്ന് ആര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്തതു പ്രതിസന്ധിയുണ്ടാക്കി. ഒടുവില്‍, ഒരു മണിക്കൂറിനു ശേഷം ആശുപത്രി ജീവനക്കാര്‍ തന്നെ പാമ്പിനെ പിടികൂടി പുറത്തു വിട്ടു. ആശുപത്രിയുടെ പിന്നില്‍ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു നിന്നാണ് പാമ്പ് എത്തിയതെന്നു സംശയിക്കുന്നു.
അതേസമയം, ഇവിടെ ഉണ്ടായിരുന്ന രോഗികളെ മറ്റൊരു വാര്‍ഡിലേക്കു മാറ്റിയെങ്കിലും അവിടെ സൗകര്യമില്ലെന്നു ചൂണ്ടിക്കാട്ടി അവര്‍ തിരിച്ചുപോന്നു. ഒരാഴ്ച മുന്‍പ് കോവിഡ് ചികിത്സയിലായിരുന്ന ഗര്‍ഭിണിയുടെ മുറിയില്‍ എലിശല്യം രൂക്ഷമാണെന്നു പരാതി ഉയര്‍ന്നതിനെതുടര്‍ന്നു മുറി മാറ്റി നല്‍കിയിരുന്നു. ജില്ലാ ആശുപത്രിയിലെ അസൗകര്യങ്ങള്‍ക്കിടയില്‍ നിന്നു കോവിഡ് ചികിത്സ ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ തീരുമാനിച്ചെങ്കിലും ഇപ്പോഴും നടപ്പായിട്ടില്ല.