‘അമ്മ’യുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം ഇന്ന് ; ഭിന്നത പരിഹരിക്കാനും മോഹന്‍ലാല്‍

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം ഇന്ന് ചേരുമെന്ന് റിപ്പോര്‍ട്ട്. നിര്‍വാഹക സമിതിയിലെ ലഭ്യമായ അംഗങ്ങളെ ഉള്‍പ്പെടുത്തി മോഹന്‍ലാലിന്റെ അധ്യക്ഷതയിലായിരിക്കും യോഗം. ദിലീപുമായി ബന്ധപ്പെട്ടും അല്ലാതെയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങളില്‍ ‘അമ്മ’യിലെ അംഗങ്ങള്‍ രണ്ടു തട്ടിലായ സാഹചര്യത്തില്‍ ഭിന്നത പരിഹരിക്കാനും മോഹന്‍ലാലിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടാകും.
സമിതി അംഗങ്ങളുമായി മോഹന്‍ലാല്‍ വെള്ളിയാഴ്ച പ്രത്യേകം ചര്‍ച്ച നടത്തുമെന്നാണറിയുന്നത്. നിര്‍വാഹക സമിതി യോഗത്തിനു മുന്നോടിയായിട്ടായിരിക്കും ഇത്. ഡബ്ല്യുസിസി അംഗങ്ങളുടെ ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്യും. ‘അമ്മ’യില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതിയെ നിയമിക്കണമെന്നാവശ്യപ്പെട്ടു ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ അമ്മയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
ഇരയായ നടിയെ സംരക്ഷിക്കാന്‍ ‘അമ്മ’ തയാറായില്ലെന്നും കുറ്റാരോപിതനായ നടനെ സംഘടന സംരക്ഷിക്കുകയാണെന്നും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ നടന്‍ സിദ്ദീഖും നടി കെപിഎസി ലളിതയും പ്രത്യേക വാര്‍ത്താസമ്മേളനം നടത്തിയത് വിവാദമായി. സിദ്ദീഖിന്റെ പരാമര്‍ശങ്ങള്‍ക്കു വിരുദ്ധമായി ‘അമ്മ’ വക്താവ് ജഗദീഷിന്റെ പ്രസ്താവനയും ചര്‍ച്ചയായതോടെയാണ് സംഘടനയില്‍ ഭിന്നതയുണ്ടെന്നു വ്യക്തമായത്.
ദിലീപിന്റെ കാര്യത്തില്‍ സംഘടനാ നിലപാട് നിയമ പ്രകാരമായിരുന്നെന്നു സ്ഥാപിക്കുന്ന ജഗദീഷിന്റെ പത്രക്കുറിപ്പില്‍, വൈകാതെ ജനറല്‍ബോഡി വിളിച്ച് ധാര്‍മികതയിലൂന്നിയ തീരുമാനം കൈക്കൊള്ളുമെന്നും സൂചിപ്പിച്ചിരുന്നു. രാജിവച്ച നടിമാരെ തിരിച്ചെടുക്കാന്‍ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചതായും ഇതിലുണ്ട്. പക്ഷേ, ദീലിപ് രാജിക്കത്തു നല്‍കിയ കാര്യം പത്രക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല.
എന്നാല്‍ ജനറല്‍ ബോഡി ഉടന്‍ വിളിക്കേണ്ട ആവശ്യമില്ലെന്നും രാജിവച്ചവരോടും എതിര്‍ത്തു സംസാരിച്ചവരോടും ഒരു സന്ധിയുമില്ലെന്നും വൈകാതെ സിദ്ദീഖ് വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്നു നടി കെപിഎസി ലളിതയും പിന്താങ്ങി. രാജിവച്ചവര്‍ വീണ്ടും അംഗമാകാന്‍ അപേക്ഷ നല്‍കിയാലേ പരിഗണിക്കൂ. ദിലീപ് കഴിഞ്ഞ 10നു മോഹന്‍ലാലിനു രാജി നല്‍കിയിരുന്നു. പത്രക്കുറിപ്പിറക്കാന്‍ ജഗദീഷിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വക്താവല്ല, ട്രഷറര്‍ മാത്രമാണെന്നും സിദ്ദീഖ് പറഞ്ഞു.
എന്നാല്‍ ഔദ്യോഗിക നിലപാട് തന്നെയാണു താന്‍ അറിയിച്ചതെന്നും കാര്യങ്ങള്‍ മോഹന്‍ലാലിന്റെ അംഗീകാരത്തോടെയാണെന്നും ജഗദീഷ് വീണ്ടും വ്യക്തമാക്കി. അമ്മ നിര്‍വാഹകസമിതിയാണ് തന്നെ വക്താവാക്കിയതെന്നും ജഗദീഷ് പറഞ്ഞു. തര്‍ക്കം ശക്തമായ സാഹചര്യത്തിലാണ് ഇപ്പോള്‍ വെള്ളിയാഴ്ച അടിയന്തര നിര്‍വാഹകസമിതി വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7