തിരുവനന്തപുരം- എറാണാകുളം സ്‌പെഷ്യല്‍ ട്രെയിനില്‍ യാത്രക്കാര്‍ കുറവ്

സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടും തിരുവനന്തപുരം–- എറണാകുളം സ്‌പെഷല്‍ ട്രെയിനില്‍ ആവശ്യത്തിനു യാത്രക്കാരില്ല. ഈ സാഹചര്യത്തില്‍ കോച്ചുകളുടെ എണ്ണം കുറച്ചു. ഇന്നു മുതല്‍ ഒരു എസി ചെയര്‍ കാറും 9 സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളുമാണു ട്രെയിനിലുണ്ടാകുക. മുന്‍പ് 22 കോച്ചുകളാണ് ഉണ്ടായിരുന്നത്. രാവിലെ 5.15ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ 9.45ന് എറണാകുളത്ത് എത്തും. തിരികെ ഉച്ചയ്ക്കു ഒരു മണിക്ക് പുറപ്പെട്ട് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് എത്തും. റിസര്‍വ് ചെയ്തു മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്.

കേരളത്തിലേക്കുള്ള രാജധാനി, തുരന്തോ, മംഗള, നേത്രാവതി ട്രെയിനുകളിലും യാത്രക്കാര്‍ കുറവാണ്. രണ്ടാഴ്ച കഴിഞ്ഞാല്‍ യാത്രക്കാരുടെ എണ്ണം വീണ്ടും കുറയുമെന്നാണു റിസര്‍വേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 90 മിനിറ്റ് മുന്‍പു സ്‌റ്റേഷനിലെത്തണമെന്ന നിബന്ധനയും യാത്രക്കാരുടെ എണ്ണം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. സ്വന്തം വാഹനമില്ലാത്തവര്‍ക്കു അതിരാവിലെ സ്‌റ്റേഷനിലെത്താന്‍ വഴിയില്ലെന്നതാണു തിരുവനന്തപുരം–എറണാകുളം സ്‌പെഷല്‍ ട്രെയിനില്‍ നിന്ന് യാത്രക്കാരെ അകറ്റുന്നത്.

കേരളത്തിനു പുറത്തേയ്ക്കും പഴയ പോലെ തിരക്കില്ല. അതേസമയം, സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ഹ്രസ്വദൂര സര്‍വീസുകള്‍ ആരംഭിക്കുന്നത് ഉറ്റുനോക്കുകയാണ് സ്ഥിരം യാത്രക്കാര്‍. തിരുവനന്തപുരം- കൊല്ലം, കൊല്ലം- എറണാകുളം, എറണാകുളം-പാലക്കാട്, എറണാകുളം- കോഴിക്കോട്, പാലക്കാട് – കോഴിക്കോട്, കോഴിക്കോട്-കാസര്‍കോട് എന്നിങ്ങനെ സംസ്ഥാനത്തെ ഏതാനും മേഖലകളാക്കി തിരിച്ച്, ഒരു മേഖലയ്ക്കുള്ളില്‍ ഒതുങ്ങുന്ന വിധത്തില്‍ രാവിലെയും വൈകിട്ടും ഹ്രസ്വദൂര സര്‍വീസുകള്‍ നടത്തിയാല്‍ ജോലിക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നു സോണല്‍ റെയില്‍വേ യൂസേഴ്‌സ് കമ്മിറ്റി അംഗം പി.കൃഷ്ണകുമാര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular