എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. ലാഗോസില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തില്‍ വെച്ചാണ് 42കാരനായ യാത്രക്കാരന്‍ മരിച്ചത്. മരിച്ച യാത്രികന്‍ വിമാനത്തില്‍ വിറച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ഇന്ത്യ ക്രൂ അന്വേഷിച്ചപ്പോള്‍ തനിക്ക് മലേറിയ ഉണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഇയാള്‍ക്ക് ശ്വസന പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിമാന ജീവനക്കാര്‍ ഓക്‌സിജന്‍ നല്‍കിയെന്നും പറയുന്നു. മരിക്കുന്നതിന് മുമ്പായി യാത്രക്കാരന് വായിലൂടെ രക്തം വന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ച 3.40 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്.

പനി ബാധിച്ച യാത്രികന് എങ്ങനെ വിമാനത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചു എന്നത് സംബന്ധിച്ച് ചോദ്യങ്ങളുയരുന്നുണ്ട്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് ഉള്‍പ്പടെയുളള പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിക്കുന്നത്. അതിനാല്‍ തന്നെ യാത്രക്കാരന്റെ മരണം തെര്‍മല്‍ സ്‌ക്രീനിങ്ങിനെ കുറിച്ചുളള ആക്ഷേപങ്ങള്‍ക്ക് കാരണമായി.

അതേസമയം യാത്രക്കാരന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് എയര്‍ഇന്ത്യ അറിയിച്ചു. ഇയാള്‍ക്ക് പനിയുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടും നിഷേധിച്ചു. പനി ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ മെഡിക്കല്‍ സ്‌ക്രീനിങ് ടീം ഇത് കണ്ടെത്തുമായിരുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ഇത്തരമൊരു സാഹചര്യമായതിനാല്‍ പരിശീലനം ലഭിച്ച ഡോക്ടറും ഞങ്ങളുടെ ക്രൂവിനൊപ്പമുണ്ടായിരുന്നു. 42കാരന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ ശ്രമം വിജയിച്ചില്ലെന്നും എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം വിമാനത്തില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7