ന്യൂഡല്‍ഹി: പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തുമ്പോഴും ഇന്ത്യയില്‍ സമൂഹവ്യാപനം ഇല്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനുമെതിരെ വിദഗ്ധര്‍. രാജ്യത്തു പലയിടത്തും സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ സത്യം അംഗീകരിച്ചേ മതിയാകൂ എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വൈറോളജി, പൊതുജനാരോഗ്യം, മെഡിസിന്‍ രംഗങ്ങളിലെ പ്രമുഖരാണ് സാമൂഹ്യവ്യാപനം ഉണ്ടായെന്ന നിഗമനത്തിലെത്തുന്നത്. ഇന്ത്യയില്‍ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് അതിനെതിരെ വിദഗ്ധര്‍ രംഗത്തെത്തിയത്. രാജ്യത്ത് പല ഭാഗങ്ങളിലും സമൂഹവ്യാപനം നടന്നെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. എം.സി.മിശ്ര വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.’
ആളുകള്‍ കൂട്ടമായി പലായനം ചെയ്യുന്നതും ലോക്ഡൗണ്‍ മാറിയതും കേസുകളുടെ എണ്ണം കൂടാന്‍ കാരണമായി. ഇതുവരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന സ്ഥലങ്ങളില്‍ പോലും കോവിഡ് എത്തി. ഈ സത്യം അംഗീകരിക്കാനും ജനങ്ങളെ കൂടുതല്‍ ജാഗരൂകരാക്കാനും സര്‍ക്കാര്‍ തയാറാകണം. സീറോ സര്‍വേയുടെ ഭാഗമായി ഇന്ത്യ പോലൊരു രാജ്യത്ത് 26,400 പേരുടെ മാത്രം സാംപിള്‍ എടുത്തത് അപര്യാപ്തമാണ്. രാജ്യത്തിന്റെ ജനസംഖ്യയും വൈവിധ്യവും കണക്കിലെടുത്തു വേണം പരിശോധനകള്‍ നടത്താന്‍’– ഡോ. എം.സി.മിശ്ര വ്യക്തമാക്കി.
ഇന്ത്യ വളരെ നേരത്തെ തന്നെ സമൂഹവ്യാപന ഘട്ടത്തില്‍ എത്തിയതായി പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ ചൂണ്ടിക്കാട്ടി. ഇത് ആരോഗ്യവിദഗ്ധര്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ഐസിഎംആറിന്റെ സ്വന്തം പഠനത്തില്‍ തന്നെ 40 ശതമാനം രോഗികള്‍ക്കും വിദേശ യാത്രയുടെയോ മറ്റു രോഗികളുമായി ഇടപഴികയതിന്റെയോ ചരിത്രമില്ലായിരുന്നു. ഇതു സമൂഹവ്യാപനമല്ലാതെ മറ്റെന്താണ്– ഷാഹിദ് ജമീല്‍ ചോദിക്കുന്നു. സമൂഹവ്യാപനത്തിനു ലോകാരോഗ്യ സംഘടന പോലും വ്യക്തമായ നിര്‍വചനം നല്‍കിയിട്ടില്ലെന്നും ആ വാക്കിനെക്കുറിച്ചല്ല, രോഗ നിയന്ത്രണ നടപടികളിലാണു ശ്രദ്ധിക്കുന്നതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ പറഞ്ഞു.
വ്യാകരണം നോക്കിയിരിക്കാതെ, ഫീല്‍ഡില്‍ കാര്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ‘അനുഭവിക്കേണ്ടി’ വരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ രംഗത്തുവന്നിരുന്നു. ഡല്‍ഹിയില്‍ സമൂഹവ്യാപനമുണ്ടെന്ന സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെ അഭിപ്രായത്തെക്കുറിച്ചായിരുന്നു അഗര്‍വാളിന്റെ പരാമര്‍ശം. വാക്കിന്റെ ഘടനയോ വ്യാകരണമോ അല്ല പ്രശ്‌നമെന്നും കര്‍ശന നിയന്ത്രണ നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ഇന്ത്യയില്‍ രോഗബാധ പരമാവധിയില്‍ എത്താനിരിക്കുന്നതേയുള്ളൂവെന്നു പഠനവും പുറത്തുവന്നു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡ് കൂടുതല്‍ രൂക്ഷമാകുമെന്നാണു ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പല സംസ്ഥാനങ്ങളിലും പല സമയത്താകും വര്‍ധന. തീവ്രവും അപകടകരമാവുമായ രണ്ടാം തരംഗം വരാനിരിക്കുന്നതേയുള്ളൂവെന്നാണു മുന്നറിയിപ്പ്. ജൂലൈയിലോ ഓഗസ്റ്റിലോ രോഗികള്‍ പരമാവധിയാകുമെന്ന് ഗംഗാറാം ആശുപത്രി ഉപാധ്യക്ഷന്‍ ഡോ. എസ്.പി.ബയോത്ര പറഞ്ഞു. കോവിഡ് പ്രതിരോധത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കര്‍മസമിതി അംഗവും എയിംസ് ഡയറക്ടറുമായ ഡോ. രണ്‍ദീപ് ഗുലേറിയ ഇക്കാര്യം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
follow us: pathram online latest news