ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവരോട് കേരള സര്‍ക്കാരിന്റെ ക്രൂരത…!!! കോവിഡ് ഉള്ളവര്‍ വരേണ്ട

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്ന പ്രവാസികള്‍ കോവിഡ്19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന വ്യവസ്ഥ കേരളം കര്‍ശനമാക്കുന്നു. ഈമാസം 20ന് ഇത് പ്രാബല്യത്തില്‍ വരും. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് കേരളം ആവശ്യപ്പെടുന്നത്.

വിദേശ നാടുകളില്‍നിന്ന്, വിശേഷിച്ച് ഗള്‍ഫ് നാടുകളില്‍നിന്ന് എത്തുന്നവരില്‍ കുറേപ്പേരില്‍ കോവിഡ് കണ്ടെത്തുന്ന സാഹചര്യത്തിലാണ് ഈ നിബന്ധന നടപ്പാക്കുന്നത്. കോവിഡ് രോഗബാധയുമായി എത്തുന്ന പ്രവാസികള്‍ മൂന്ന് ശതമാനമായെന്നാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ കണ്ടെത്തല്‍. ഇത് തുടര്‍ന്നാല്‍ കേരളത്തില്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും അതിനാലാണ് പരിശോധന കര്‍ശനമായി നടപ്പാക്കാന്‍ പോകുന്നതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ വിവിധ സംഘടനകള്‍ക്ക് അയച്ച എഴുത്തില്‍ വിശദമാക്കിയിട്ടുണ്ട്. എന്നാല്‍, യു.എ.ഇ. ഒഴികെയുള്ള മിക്ക ഗള്‍ഫ് നാടുകളിലും ഇത്തരം സര്‍ട്ടിഫിക്കറ്റ് കിട്ടുകയെന്നത് ദുഷ്‌കരമാണ്.

ബഹ്‌റൈന്‍ ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ കോവിഡ് പരിശോധനയ്ക്ക് അവസരമുള്ളൂ. ചില രാജ്യങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പോലും ഇത്തരം പരിശോധനയ്ക്കുള്ള സൗകര്യം പരിമിതമാണ്. 8,000 മുതല്‍ 10,000 രൂപ വരെയാണ് കോവിഡ് പരിശോധനയ്ക്ക് വരുന്ന ചെലവ്. ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കഷ്ടപ്പെടുന്നവര്‍ ഉള്‍പ്പെടെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് ഈ നിബന്ധന വലിയ ആഘാതവുമായിട്ടുണ്ട്.

ഇപ്പോള്‍ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഇതിന് പുറമേ അംഗീകൃത ലാബുകളില്‍നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകം നേടിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് കേരളം ആവശ്യപ്പെടുന്നത്. ഗള്‍ഫ് നാടുകളില്‍നിന്ന് മാത്രമായി നാനൂറോളം ചാര്‍ട്ടേഡ് വിമാനസര്‍വീസുകള്‍ക്കുള്ള അനുമതിയാണ് വിവിധ സംഘടനകള്‍ ഇതിനകം നേടിയിട്ടുള്ളത്. പുതിയ വ്യവസ്ഥയോടെ എത്ര പേര്‍ക്ക് യാത്ര ചെയ്യാനാവും എന്നതില്‍ ഇപ്പോള്‍ത്തന്നെ സംശയം ഉയര്‍ന്നിട്ടുണ്ട്.

ചില ഗള്‍ഫ് രാജ്യങ്ങളില്‍ ജനസംഖ്യയുടെ ആറു ശതമാനത്തിനുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേരളം പുതിയ നിബന്ധന കര്‍ശനമാക്കുന്നത്. കഴിഞ്ഞദിവസം ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള എന്‍.ഒ.സി.ക്കുവേണ്ടി കേരള സര്‍ക്കാരിനെ സമീപിച്ച ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണപ്പിള്ളയ്ക്ക് നല്‍കിയ മറുപടിയിലാണ് പുതിയ നിബന്ധന ഉള്‍പ്പെടുത്തിയിരുന്നത്. ബഹ്‌റൈനില്‍ ഈ സംവിധാനം പ്രായോഗികമല്ലെന്നും ധാരാളം പേര്‍ അടുത്ത ദിവസങ്ങളില്‍ യാത്രയ്ക്ക് തയ്യാറെടുത്ത് നില്‍ക്കുകയുമാണെന്നും കാണിച്ച് അദ്ദേഹം നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 20 വരെ എത്തുന്നവര്‍ക്ക് ആവശ്യമില്ലെന്ന് കാണിച്ച് മറുപടി ലഭിച്ചത്.

വന്ദേഭാരത് മിഷനില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഈടാക്കുന്ന തുകയോട് അടുത്തു നില്‍ക്കുന്നതായിരിക്കണം ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രാനിരക്കെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ആ നിരക്കില്‍ പറക്കാന്‍ സ്വകാര്യ വിമാനക്കമ്പനികളൊന്നും തയാറാവാത്ത സാഹചര്യത്തില്‍ അതിനെക്കാള്‍ കൂടുതല്‍ തുക നല്‍കിയാണ് എല്ലാവരും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സീറ്റ് തരപ്പെടുത്തുന്നത്. വന്ദേ ഭാരത് മിഷനിലെ വിമാനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പല തരത്തിലുള്ള ആനുകൂല്യങ്ങളുണ്ടെന്നും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അതില്ലെന്നുമാണ് നിരക്ക് കൂടുന്നതിന് വിമാനക്കമ്പനികള്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular