പറയാനും വയ്യ.., പറയാതിരിക്കാനും വയ്യെന്ന് മുഖ്യമന്ത്രി..!!! ക്ഷേത്രം തുറക്കുന്ന കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ മറുപടി..

ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും പറയാതിരിക്കാനും പറ്റാത്ത സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്റെയും മറ്റു ബിജെപി നേതാക്കളുടെയും വിമര്‍ശനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

എന്തു പറയാനാണ്, എങ്ങനെ പറയാതിരിക്കും- ഇതാണ് എന്റെയൊരു അവസ്ഥ. കേന്ദ്രമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍ അദ്ദേഹം നേരത്തെ നടത്തിയ പ്രസ്താവനകള്‍ ഓര്‍ത്താല്‍ മതി. എന്തുകൊണ്ട് ആരാധനാലയം തുറക്കുന്നില്ല എന്നായിരുന്നു അന്ന് ചോദിച്ചിരുന്നത്. മദ്യശാലകള്‍ തുറക്കാം, ആരാധനാലയത്തിലേ കൊറോണ വരൂ എന്നാണോ കരുതുന്നത് എന്നാണ് അന്ന് ചോദിച്ചത്. അന്ന് ആ പ്രസ്താവനകള്‍ക്ക് താന്‍ മറുപടി പറയാന്‍ പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ എന്ത് മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മേയ് 30ന് പുറപ്പെടുവിച്ച ഉത്തരവിന്റെ ആദ്യഭാഗത്തുതന്നെ പറഞ്ഞിരുന്നത് ജൂണ്‍ എട്ടാം തീയതി മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാം എന്നായിരുന്നു. പിന്നീട് ജൂണ്‍ നാലാം തീയതി കേന്ദ്ര മന്ത്രാലയം നടപടിക്രമങ്ങളും പുറത്തിറക്കിയിരുന്നു. ഇതിന്റെയൊക്കെ ഭാഗമായാണ് സംസ്ഥാനസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്.

ആരാധനാലയങ്ങള്‍ തല്‍ക്കാലം തുറക്കേണ്ടതില്ല എന്നായിരുന്നു സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? ചിലര്‍ അതാണ് പ്രതീക്ഷിച്ചതെന്നാണ് തോന്നുന്നത്. ഭക്തരുടെ വികാരം ഉള്‍ക്കൊള്ളാത്ത സര്‍ക്കാരാണ് ഇവിടെയുള്ളത് എന്നായിരിക്കും അപ്പോള്‍ ഇവര്‍ പറയുക. എല്ലാപ്രശ്നങ്ങളും വിശ്വാസി സമൂഹവുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഹിന്ദു, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുടെ പ്രധാനികളെ വിളിച്ച് ചര്‍ച്ച ചെയ്താണ് തുറക്കാമെന്ന് തീരുമാനിച്ചത്. സര്‍ക്കാരിന് ഇതില്‍ ഒരു പിടിവാശിയും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

follow us…pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular