ഇതൊന്നും ഒന്നുമല്ല…!!! കോവിഡ് വ്യാപനം ഇനിയും കൂടും; കുറയണമെങ്കിൽ ഓഗസ്റ്റ് ആകണം…

കേരളത്തിലും ഇന്ത്യയിലും ‌ഏതാനും ആഴ്ചകൾ കൂടി വൈറസ് വ്യാപനം വർധിക്കാനാണു സാധ്യത. ഒരു കുന്നിന്റെ ആകൃതിയിലാണ് ഈ ഗ്രാഫ്. ഇപ്പോളത് ഉയരുകയാണ്. ഓഗസ്റ്റോടെ ഏറ്റവും മുകളിലെത്തും. തുടർന്നു താഴാൻ തുടങ്ങും. അപ്പോഴാകും രോഗവ്യാപനം ഏറെ കൂടുക. എന്നു വച്ചാൽ ഓഗസ്റ്റ് പകുതിവരെ രോഗികളുടെ എണ്ണം കൂടും. പിന്നെ സാവകാശം ഇതു കുറയാൻ തുടങ്ങും. വർഷാന്ത്യം വരെ ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടാം. പുതുവർഷമെത്തുന്നതോടെ കാര്യങ്ങൾ സാധാരണ നിലയിലായേക്കാമെന്നാണ് അനുമാനമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് വൈറോളജി ഗവേഷണ വിഭാഗം മുൻ മേധാവി ഡോ. ജേക്കബ് ജോൺ പറഞ്ഞു.

മുഖാവരണം, കൈവൃത്തിയാക്കൽ, സാമൂഹിക അകലം– ഇവ മൂന്നുമുണ്ടെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡിനെ വലിയൊരു പരിധിവരെ അകറ്റിനിർത്താ‍ൻ കഴിയുമെന്ന് പ്രശസ്ത വൈറോളജിസ്റ്റും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് വൈറോളജി വിഭാഗം മുൻ പ്രഫസറുമായ ഡോ. ടി. ജേക്കബ് ജോൺ പറയുന്നു.

അകലം പാലിക്കുന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാസ്ക് ധരിച്ച ഒരാൾ 2–3 അടി വരെ മാറി നിന്നു സംസാരിച്ചാൽ സുരക്ഷിത അകലമായി. കുടുംബാംഗങ്ങളിൽ പ്രായമുള്ളവരുണ്ടെങ്കിൽ തൽക്കാലം 2 അടി അകലം പാലിക്കുന്നതു നല്ലതാണ്. കടകളിലും മറ്റും തിരക്കു കൂട്ടരുത്. രണ്ടോ മൂന്നോ അടി അകലമിട്ട് സാധനങ്ങൾ വാങ്ങുകയും പണം കൊടുക്കുകയും ചെയ്യുക. കേരളത്തിനു പൂർണമായും പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയാണ് ഇപ്പോൾ. 65 വയസ്സിനു മുകളിലുള്ളവരെ വീട്ടിനുള്ളിൽ ഇരുത്തുന്ന റിവേഴ്സ് ക്വാറന്റൈനും ഫലംചെയ്യും.

100 ശതമാനം പേരും മാസ്ക് ധരിച്ചാൽ വൈറസിനെ ചെറുക്കാം. പുറത്തു യാത്രചെയ്ത ശേഷം എത്തുന്ന കുടുംബാംഗങ്ങൾ വീട്ടിലുള്ള രോഗികളോടും പ്രായമായവരോടും മാസ്ക് ധരിച്ച് സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നതു നന്നായിരിക്കും. പ്രായമേറിയവരെയാണ് വൈറസ് പെട്ടെന്നു ബാധിക്കുക.

കടകളിലും ബസിലും രണ്ടോ മൂന്നോ പാളികളുള്ള കോട്ടൺ മാസ്ക്കോ സാധാരണ മാസ്ക്കോ ധരിക്കണം. തുമ്മുമ്പോൾ മാസ്ക് ഉണ്ടെങ്കിൽ ഒരു പരിധിവരെ അടുത്തിരിക്കുന്ന ആൾ സുരക്ഷിതനാണ്. ഒരോരുത്തർക്കും മൂന്നു കോട്ടൺ മാസ്ക് ഉണ്ടാകണം. ഉപയോഗിച്ചതു വൈകിട്ട് കഴുകിയിടണം. ഉണങ്ങിയ ശേഷം രാവിലെ വീണ്ടും ധരിക്കാം.

ബസ്, കടകൾ, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലേക്കു കയറുന്നതിനു മുൻപും ഇറങ്ങിവരുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. ബസിൽ സാനിറ്റൈസർ ലഭ്യമാക്കുകയോ യാത്രക്കാർ കൈയിൽ കരുതുകയോ വേണം. അലക്ഷ്യമായി തുപ്പുകയോ ചീറ്റുകയോ ചെയ്യരുത്. ചുമയ്ക്കുമ്പോൾ പ്രത്യേകിച്ചും. വെള്ളവും സോപ്പും ഉപയോഗിച്ചു കൈ കഴുകുന്നതാണ് നല്ലത്. അതിനു പറ്റാത്തിടങ്ങളിലാണ് സാനിറ്റൈസർ ഉപയോഗിക്കാവുന്നത്. ആരോഗ്യ ശീലങ്ങൾ നിർബന്ധമായും പാലിക്കണം.

വിദ്യാലയങ്ങൾ ഘട്ടം ഘട്ടമായി തുറക്കുന്നതിൽ തെറ്റില്ല. എല്ലാംകൂടി ഒരുമിച്ചു തുറക്കുന്നതു സുരക്ഷിതത്വ ബോധം കുറയ്ക്കുമെന്നതിനാലാണ് ഇത്. വിദ്യാലയങ്ങളിലെ പരീക്ഷകളും മറ്റും ആദ്യ ഘട്ടത്തിൽ തന്നെ നടത്തി തീർക്കാമായിരുന്നു. കുട്ടികളിൽ ഈ വൈറസ് രോഗം മാരകമാകുമെന്നു തോന്നുന്നില്ല. അവരിൽ നിന്നു മുതിർന്നവരിലേക്കു പകരാനുള്ള സാധ്യതയും കുറവാണ്. കൊച്ചുകുട്ടികളിൽ ശ്രദ്ധ വേണമെന്നു മാത്രം.

പാശ്ചാത്യ മാതൃകകളെ അനുകരിച്ചു പെട്ടെന്നു പ്രഖ്യാപിച്ച ലോക്ഡൗൺ വേണ്ടത്ര ഫലം കണ്ടില്ല. പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും ജീവിതത്തെ അതു ദുസ്സഹമാക്കുകയും ചെയ്തു. എന്നാ‍ൽ പാശ്ചാത്യ രാജ്യങ്ങൾ അവശ്യസേവന മേഖലകളെ ഒഴിവാക്കിയാണ് ലോക്ഡൗൺ നടപ്പിലാക്കിയത്. അതിനാൽ അവിടെ പാവങ്ങൾക്ക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. വൈറസിനെതിരായ സാമൂഹിക പ്രതിരോധശേഷി (ഹെർഡ് ഇമ്മ്യൂണിറ്റി) ആർജിക്കണമെങ്കിൽ ലോക്ഡൗൺ പിൻവലിക്കുക തന്നെ വേണം.

Follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7