രണ്ടു സര്‍ക്കാരും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട’–ചെന്നൈയില്‍ മരിച്ച മലയാളിയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ!

ചെന്നൈ: ‘മലയാളി നാട്ടില്‍ വരുമ്പോള്‍ അവന്‍ കോവിഡ് ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരേയും ചൂഷണം ചെയ്യുന്നു. രണ്ടു സര്‍ക്കാരും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട’– കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങാന്‍ കഴിയാത്ത വിഷമത്തില്‍ ചെന്നൈയില്‍ ആത്മഹത്യ ചെയ്ത ടി. ബിനീഷിന്റെ ആത്മഹത്യ കുറിപ്പിലെ വരികളാണ്.

കഴിഞ്ഞ ദിവസം നാട്ടിലേക്കു പോകേണ്ടിയിരുന്ന ബിനീഷിനെ ബുധനാഴ്ചയാണ് താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്രോഡ്‌വേ സെവന്‍വെല്‍സിലെ ചായക്കടയില്‍ ജോലി ചെയ്യുന്ന വടകര മര മടത്തില്‍ വീട്ടില്‍ ടി. ബിനീഷ് (42) ആണു മരിച്ചത്. സിടിഎംഎ ഏര്‍പ്പാടാക്കിയ വാഹനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്ക് പോകാന്‍ പാസെടുത്തിരുന്നു.

എന്നാല്‍,ചെന്നൈയില്‍ കോവിഡ് വ്യാപനം കൂടുതലായതിനാല്‍ ഇപ്പോള്‍ ഇങ്ങോട്ട് വരേണ്ടെന്നു നാട്ടില്‍ നിന്നു വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്നു യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ആരാണു വിളിച്ചതെന്നു വ്യക്തമല്ല.

യാത്ര മാറ്റിവച്ചതിനാല്‍ ബിനീഷ് അസ്വസ്ഥനായിരുന്നു. മരിച്ചാല്‍ തന്റെ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കണമെന്നും ബിനീഷ് കുറിപ്പില്‍ പറയുന്നു. ‘എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്. ഒരോ മലയാളിയും ആ രീതിയില്‍ കാണുന്നു. എന്റെ മരണം ചെന്നൈയിലെ മലയാളികളെ നാട്ടിലെത്തിക്കും. താങ്ങാന്‍ പറ്റുന്നില്ല. നഷ്ടം എന്റെ കുടുംബത്തിന് മാത്രമാകും. നിയമം നല്ലത്. പക്ഷേ അത് ഒരു മനുഷ്യന്റെ പ്രാണന്‍ എടുക്കുന്നു.’–ബിനീഷിന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നു.

മൂന്നു വര്‍ഷം മുന്‍പാണു ബിനീഷ് ചെന്നൈയിലെ ചായക്കടയില്‍ ജോലിക്കെത്തിയത്. സെവന്‍വെല്‍സ് സെന്റ് സേവ്യേഴ്‌സ് സ്ട്രീറ്റിലെ മലയാളിയുടെ ചായക്കടയില്‍ അസിസ്റ്റന്റാണ്. ഫെബ്രുവരിയിലാണു അവസാനമായി നാട്ടില്‍ പോയത്. സിടിഎംഎ ഏര്‍പ്പാടാക്കിയ വാഹനത്തില്‍ മറ്റു നാലുപേര്‍ക്കൊപ്പം പോകാനായി പാസെടുത്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് പുറപ്പെട്ട വാഹനത്തില്‍ ബാക്കി 4 പേരും നാട്ടിലെത്തി.

ചായക്കടയ്ക്കു സമീപത്തെ മുറിയില്‍ മറ്റു ജോലിക്കാര്‍ക്കൊപ്പമാണു താമസം. ഇന്നലെ അതിരാവിലെ മറ്റുള്ളവര്‍ ചായക്കടയിലേക്കു പോയി. സുഹൃത്തുക്കളിലൊരാള്‍ ഒരു മണിക്കൂറിനകം തിരിച്ചെത്തിയപ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പിന്നീട് ബലം പ്രയോഗിച്ചു തുറന്നപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പാവപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതില്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയ കുറിപ്പിലുണ്ട്. മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. പ്രവീണയാണ് ഭാര്യ. നാലാം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി കൃഷ്ണ ഏക മകളാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7