കാര്യം, ഒരു അഭിമുഖത്തിനിടെ ആ ഒഴുക്കില്‍ ഒരാവേശത്തിന് പറഞ്ഞുപോയതാണ്. പക്ഷേ, ഹര്‍ഭജന്‍ സിങ് ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് സുരേഷ് റെയ്‌ന മനസ്സില്‍പ്പോലും വിചാരിച്ചിട്ടുണ്ടാകില്ല. ‘ഡെസേര്‍ട്ട് സ്‌റ്റോ’മെന്ന പേരില്‍ വിഖ്യാതമായ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ഷാര്‍ജയിലെ ഐതിഹാസിക ഇന്നിങ്‌സ് കാണാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് കട്ട് ചെയ്തിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ സുരേഷ് റെയ്‌ന വെളിപ്പെടുത്തിയത്. സച്ചിന്റെ ഇന്നിങ്‌സ് കാണാന്‍ ഉച്ചകഴിഞ്ഞുള്ള രണ്ട് പീരിയഡ് കട്ട് ചെയ്‌തെന്നാണ് റെയ്‌ന പറഞ്ഞത്.
ക്രിക്കറ്റ് ഭ്രാന്തനായ ഒരാളെ സംബന്ധിച്ച് സ്വാഭാവികമെന്ന് ആര്‍ക്കും തോന്നാം. പക്ഷേ, റെയ്‌ന ആ പറഞ്ഞതില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ആ പൊരുത്തക്കേടു പൊളിച്ചത് ഇന്ത്യന്‍ ടീമിലും ചെന്നൈ സൂപ്പര്‍ കിങ്‌സിലും റെയ്‌നയുടെ സഹതാരമായ ഹര്‍ഭജന്‍ സിങ്ങാണ്. സച്ചിന്റെ ആ വിഖ്യാത ഇന്നിങ്‌സ് ഷാര്‍ജയില്‍ പിറവിയെടുക്കുമ്പോള്‍ ടീമില്‍ സഹതാരമായിരുന്നു ഹര്‍ഭജന്‍. ഇന്ത്യന്‍ സമയം വൈകിട്ട് നാലു മണിക്ക് തുടങ്ങിയ കളി കാണാന്‍ ഉച്ചകഴിഞ്ഞുള്ള രണ്ട് പീരിയഡ് കട്ടു ചെയ്തതെന്തിനെന്നായിരുന്നു തമാശരൂപേണയുള്ള ഹര്‍ഭജന്റെ ചോദ്യം. എന്തായാലും സംഭവം ഹിറ്റായി.
സച്ചിന്റെ ഐതിഹാസിക ഇന്നിങ്‌സ് പിറന്ന 1998ല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു റെയ്‌ന. ഷാര്‍ജയില്‍ നടന്ന ആ ടൂര്‍ണമെന്റില്‍ സച്ചിന്റെ കളി കാണാന്‍ താനും സുഹൃത്തുക്കളും ക്ലാസ് കട്ടു ചെയ്തിരുന്നുവെന്നാണ് റെയ്‌ന പറഞ്ഞത്. ‘ഷാര്‍ജയില്‍ ടൂര്‍ണമെന്റ് നടക്കുന്ന സമയത്ത് ഞങ്ങള്‍ കുറച്ചുപേര്‍ അവസാനത്തെ രണ്ട് പീരിയഡ് കട്ട് ചെയ്യുമായിരുന്നു. അക്കാലത്ത് സച്ചിനാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത്’ – അഭിമുഖത്തില്‍ റെയ്‌ന പറഞ്ഞു.
ഇതിനു പിന്നാലെയാണ് അന്ന് ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഹര്‍ഭജന്‍ മറുചോദ്യവുമായി രംഗത്തെത്തിയത്. അന്നത്തെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം വൈകീട്ട് നാലു മണിക്കാണ് ആരംഭിക്കുന്നതെന്നിരിക്കെ റെയ്‌ന എന്തിനാണ് ക്ലാസ് കട്ടു ചെയ്യുന്നതെന്നായിരുന്നു ഹര്‍ഭജന്റെ ചോദ്യം.
‘ക്ലാസ് കട്ടു ചെയ്യാനോ? എന്തിന്? ഇന്ത്യന്‍ സമയം നാലു മണിക്കാണ് മത്സരങ്ങള്‍ ആരംഭിച്ചിരുന്നത്. ഞാനും ആ പരമ്പരയില്‍ കളിച്ചിരുന്നു’ – ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. എന്തായാലും ആരാധകര്‍ ഹര്‍ഭജന്റെ ട്വീറ്റ് ഏറ്റെടുത്തു കഴിഞ്ഞു.
Follow us _ pathram online