സൂരജിനെ കൈവിട്ട് കുടുംബത്തിന്റെ മൊഴി; പലതവണ സൂരജ് വീട്ടില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടു വന്നിട്ടുണ്ടെന്ന് കുടുംബം

കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയ സൂരജിന്റെ പിതാവ് സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും.

സൂരജ് ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് സുരേന്ദ്രന്റേയും രേണുകയുടെയും സഹോദരിയുടെയും മൊഴി. എന്നാല്‍ പലതവണ സൂരജ് വീട്ടില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടു വന്നിട്ടുണ്ടെന്നു മൂവരം സമ്മതിച്ചു. സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ച സ്ഥലം സുരേന്ദ്രന്‍ കാട്ടി തന്നിരുന്നതായി രേണുക വെളിപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഘട്ടത്തില്‍ സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതായി സഹോദരിയും പറഞ്ഞു. സൂരജിന്റേയും ഇയാളുടെ അമ്മ, അച്ഛന്‍, സഹോദരി എന്നിവരുടെയും മൊഴികളില്‍ വൈരുധ്യമുണ്ട്.

അതുകൊണ്ട് സൂരജിന്റേയും അച്ഛന്റേയും കസ്റ്റഡി കാലാവധി അവസാനിക്കും മുന്‍പ് അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. കോടതി മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കിയ സുരേന്ദ്രനെ അടൂരിലെ വീട്ടിലും ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്കിലുമെത്തിച്ച് തെളിവെടുക്കും. ഉത്ര വധക്കേസിലെ ഒന്നാം പ്രതി സൂരജിനെയും രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായ സുരേഷിനെയും കസ്റ്റഡിയില്‍ കിട്ടുന്നതിന് വനം വകുപ്പ് കോടതിയെ സമീപിക്കും.

വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. ഉത്രവധക്കേസില്‍ നിലവില്‍ സൂരജും അച്ഛന്‍ സുരേന്ദ്രനും പാമ്പ് പിടുത്തക്കാരന്‍ സുരേഷുമാണ് അറസ്റ്റിലായിട്ടുള്ളത്.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7