തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീയെയും പുരുഷനെയും അവശനിലയിൽ കണ്ടതിനെ തുടർന്നു ബസ് സ്റ്റാൻഡ് അടച്ചു. യാത്രക്കാർക്കു പ്രവേശനം നിരോധിച്ചു.ഇന്നലെ രാവിലെ 8.30നു പാറശാലയിൽ നിന്നുളള ബസിലാണ് ഇരുവരും എത്തിയത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന സ്റ്റാൻഡിൽ അവശനിലയിൽ കാണപ്പെട്ട ഇവരുടെ സംസാരത്തിൽ സംശയം തോന്നിയ ജീവനക്കാർ വിവരം തിരക്കി.
ആലുവയ്ക്കു പോകുന്നു എന്നായിരുന്നു മറുപടി. തുടർന്ന് പൊലീസ് എത്തി ചോദ്യംചെയ്തപ്പോൾ സേലത്ത് നിന്ന് കളിയിക്കാവിളയിലെത്തി പാസില്ലാത്തതിനാൽ ഇടവഴിയിലൂടെ അതിർത്തി കടന്നെന്നു വ്യക്തമാക്കി.ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ 12.30 ന് ഇവരെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്ന അഭ്യുഹങ്ങളെ തുടർന്ന് ഫയർഫോഴ്സ് ബസ്‌സ്റ്റാൻഡ് ശുചീകരിച്ചു.
ഡിപ്പോയിൽ രണ്ടു മണിക്കൂറോളം ചെലവഴിക്കുകയും ശുചിമുറി ഉപയോഗിക്കുകയും ചെയ്തതിനാൽ കോവിഡ് പരിശോധനാ ഫലം വരും വരെ സ്റ്റാൻഡ് അടച്ചിടും. ഇരുവരും നെയ്യാറ്റിൻകരയിലെത്തിയ ബസിലെ ജീവനക്കാരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. ബസ് അണുവിമുക്തമാക്കി.
ഇന്നലെ രാവിലെ 7.20ന് ഇരുവരും കൊറ്റാമം സ്റ്റോപ്പിൽ നിന്ന് ബസിൽ കയറാൻ ശ്രമിക്കവെ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചിരുന്നു. മടങ്ങിയ ഇവർ പാറശാല ജംക‌്ഷനിലെത്തി ബസിൽ കയറുകയായിരുന്നു.
തമിഴ്നാട്ടിലെ തിരൂർ സ്വദേശിയായ സ്ത്രീയോടൊപ്പം കണ്ട യുവാവ് മലപ്പുറം സ്വദേശിയാണെന്നു സൂചനകളുണ്ട്. സേലത്ത് നിന്ന് എത്തിയതങ്ങനെയെന്ന ചോദ്യത്തിന് ഇവർ വ്യക്തമായ ഉത്തരം നൽകിയില്ല. ദിവസവും ഒട്ടേറെ പേർ ഇടവഴികളിലൂടെ കേരളത്തിലെത്തുന്നുണ്ട്.