അഞ്ചല്‍ : ‘കാര്യ ശേഷിയില്ലാത്ത പെണ്ണ്’ എന്ന കുറ്റപ്പെടുത്തലും കുത്തുവാക്കുകളും ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നും ഭര്‍തൃസഹോദരിയില്‍ നിന്നും നിരന്തരം കേള്‍ക്കേണ്ടി വന്നതായി നേരത്തേ ഉത്രയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഭര്‍ത്താവ് സൂരജില്‍ നിന്നു പലപ്പോഴും ലഭിച്ചത് അവഗണന. പകലന്തിയോളം വീട്ടിലെ കാര്യങ്ങള്‍ നോക്കിയാലും കുറ്റപ്പെടുത്തലിനു കുറവുണ്ടായില്ല. ഇവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നേടാനുള്ള വഴിയായി ഉത്രയെ കാണുകയും ചെയ്തതോടെ കുടുംബ ജീവിതം കലുഷിതമായി.
കുഞ്ഞു ജനിക്കുന്നതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയില്‍ ജീവിച്ച ഉത്രയ്ക്കു സമാനതകളില്ലാത്ത അന്ത്യമാണു ഭര്‍ത്താവ് സമ്മാനിച്ചത്. വിവാഹത്തിന് ഉത്രയ്ക്കു മാതാപിതാക്കള്‍ സമ്മാനമായ നല്‍കിയ നല്ലൊരു തുകയും കാറും, 100 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും സ്വന്തമാക്കാന്‍ പല വഴികള്‍ നോക്കി. പിതാവിനു ജോലിയില്ലാത്തതിനാല്‍ ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കണമെന്നു സൂരജ് നിര്‍ബന്ധം പിടിച്ച് ഉത്രയെ വിഷമത്തിലാക്കി.
ഇതേച്ചൊല്ലി ഭര്‍തൃമാതാവും സഹോദരിയും നിരന്തരം ഉത്രയെ ബുദ്ധിമുട്ടിച്ചു. മകളുടെ വിഷമം മനസ്സിലാക്കിയ ഉത്രയുടെ മാതാപിതാക്കള്‍ 3 ലക്ഷത്തോളം രൂപ മുടക്കി സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങി നല്‍കി. വീട് പുതുക്കി പണിയണമെന്നായി അടുത്ത ആവശ്യം . മകളുടെ സന്തോഷകരമായ ജീവിതത്തെ കരുതി അതും ഉത്രയുടെ വീട്ടുകാര്‍ പരിഹരിച്ചു. ഭര്‍തൃസഹോദരുടെ ഉപരിപഠനത്തിനു പണം വേണമെന്നു പറഞ്ഞു വീണ്ടും മാനസിക പീഡനം തുടങ്ങി. അതിനും നല്ലൊരു തുക ഉത്രയുടെ വീട്ടില്‍നിന്നു നല്‍കി.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ചെറിയ ജോലിയില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കാന്‍ ആകില്ലെന്നു പറഞ്ഞ് സൂരജ് വഴക്കുണ്ടാക്കുക പതിവായി. ഉത്രയുടെ കുടുംബജീവിതം ഉലയുന്നതു കണ്ട് മാതാപിതാക്കള്‍ അതിനും പരിഹാരം കണ്ടു. മാസം 8000 രൂപ വീതം സൂരജിനു നല്‍കി. ചെറുതും വലുതുമായി തുകകള്‍ക്കായി വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി വലച്ചു. ഇതിനിടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍ നല്ലൊരു പങ്ക് ഉത്ര അറിയാതെ സൂരജ് കൈക്കലാക്കിയെന്നു വ്യക്തമായി. ആദ്യം ഉത്രയ്ക്ക് പാമ്പു കടിയേറ്റ മാര്‍ച്ച് 2നു ലോക്കര്‍ തുറന്നതായും പൊലീസ് കണ്ടെത്തി.
വീട്ടിലെ ഏകമകള്‍, ഇളയകുട്ടി… ഈ പരിഗണനകളെല്ലാം ഏറ്റുവാങ്ങിയാണ് ഉത്ര അഞ്ചല്‍ ഏറത്തെ വീട്ടില്‍ വളര്‍ന്നത്. ‘എനിക്ക് അവളല്ലേയുള്ളൂ… അവള്‍ നന്നായി ജീവിക്കണമെന്നു മാത്രമായിരുന്നു ഞങ്ങളുടെയൊക്കെ ആഗ്രഹം…’ ഉത്രയുടെ സഹോദരന്‍ വിഷു പറയുന്നു. മാര്‍ച്ച് 2ന് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ വിവരമറിഞ്ഞാണു ബെംഗളൂരില്‍ ജോലി ചെയ്യുന്ന വിഷു സഹോദരിയെ കാണാനായി പിറ്റേന്നു തന്നെ നാട്ടിലെത്തിയത്. ഉത്ര ചികിത്സയില്‍ കഴിയുന്ന തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്കാണു വിഷു എത്തിയത്.
പിന്നീടു ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഏറത്തെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു വിഷു. സൂരജിന്റെ കുടുംബത്തില്‍ ഉത്രയ്ക്ക് സഹിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു സഹോദരന്‍ വിഷു പറയുന്നു: ‘വിവാഹശേഷം രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം തന്നെ സൂരജ് വീട്ടില്‍ നിന്നു പണം വാങ്ങുന്നതിനായി ഉത്രയെ നിര്‍ബന്ധിച്ചു തുടങ്ങി. സൂരജിനും അച്ഛനും വാഹനം വാങ്ങുന്നതു മുതല്‍ അനുജത്തിയുടെ പഠനചെലവിനു വരെ ആവശ്യങ്ങളായി. പണം നല്‍കിയില്ലെങ്കില്‍ അവളെ അവര്‍ വീണ്ടും നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.
ഉത്ര ആ വീട്ടില്‍ സന്തോഷമായി കഴിയണം എന്ന ആഗ്രഹത്താലാണ് അവര്‍ ആവശ്യപ്പെട്ട പണമെല്ലാം നല്‍കിയത്. പണമായി മാത്രം 15 ലക്ഷത്തോളം രൂപ നല്‍കി. വാഹനങ്ങളും വീട്ടിലേക്കുള്ള മറ്റു വസ്തുക്കളും വേറെയും. എല്ലാ മാസവും 8000 രൂപ വീതം വേറെയും നല്‍കിയിരുന്നു. അവിടെ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പലതവണ ഞങ്ങള്‍ ചെന്നു മധ്യസ്ഥത പറഞ്ഞു പ്രശ്‌നം പരിഹരിച്ചിരുന്നു. പിന്നീടു കുറച്ചു നാളുകള്‍ക്കു മുന്‍പാണ് സൂരജിനും കുടുംബത്തിനും പണം മാത്രമാണു ലക്ഷ്യം എന്നു മനസ്സിലായത്. !
ഇക്കഴിഞ്ഞ ജനുവരിയില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഉത്രയോടു വീണ്ടും വഴക്കിട്ടു. അതോടെ ഉത്രയെ വീട്ടിലേക്കു മടക്കിക്കൊണ്ടു വരുന്നതിനായി അച്ഛനും അമ്മയും ബന്ധുവും അടൂരിലെ വീട്ടിലേക്കു പോയി. അവളോടു ബാഗ് പാക്ക് ചെയ്ത്, വീട്ടിലേക്കു വരുന്നതിനു തയാറായി ഇരിക്കണമെന്നു പറഞ്ഞിരുന്നു. അന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം അവളും കുഞ്ഞും പോരാന്‍ ഇറങ്ങിയതുമാണ്. എന്നാല്‍, ഉത്രയെ കൊണ്ടുപോകരുതെന്നു സൂരജ് നിര്‍ബന്ധം പിടിച്ചു. അവള്‍ക്കിനി ഒരു പ്രശ്‌നവും ഇല്ലാതെ നോക്കാമെന്നു വാക്കു നല്‍കിയാണ് അവളെ ആ വീട്ടില്‍ തന്നെ നിര്‍ത്തിയത്. പിന്നീടാകണം സൂരജ് എല്ലാ ആസൂത്രണവും നടപ്പാക്കിയത്.
ഉത്രയ്ക്ക് ആദ്യം പാമ്പു കടിയേറ്റപ്പോള്‍ നടത്തിയ ചികിത്സയ്ക്ക് ആദ്യം ചെലവായത് 10 ലക്ഷത്തോളം രൂപ. ഇതു പൂര്‍ണമായും നല്‍കിയത് ഉത്രയുടെ കുടുംബമായിരുന്നു. ആകെ 52 ദിവസം നീണ്ട ആശുപത്രി വാസത്തില്‍ 15 ദിവസത്തോളം ഉത്ര തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആശുപത്രി ബില്‍ മാത്രം 6 ലക്ഷം രൂപയോളം ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. മറ്റു ചെലവുകള്‍ക്കായാണ് 4 ലക്ഷം രൂപ ഉപയോഗിച്ചത്. എന്നാല്‍, ഇക്കാര്യത്തിലൊരു പിന്തുണയും സൂരജിന്റെ കുടുംബാംഗങ്ങളില്‍ നിന്നുണ്ടായിട്ടില്ലെന്നും ഉത്രയുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.
FOLLOW US ON PATHRAM ONLINE LATEST NEWS