കൊച്ചി : സർക്കാരിന്റെ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകി ജില്ലയിലെ ജനപ്രതിനിധികൾ. കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന എം.പിമാരുടെയും എം.എൽ.എമാരുടെയും വീഡിയോ കോൺഫറൻസിൽ അടിയന്തര സാഹചര്യം നേരിടുന്നതിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് എസ്. ശർമ്മ എം.എൽ.എ അഭിപ്രായപ്പെട്ടു.
ശകതമായ മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമുള്ള നടപടികൾ ശക്തമാക്കണം. നിയോജകമണ്ഡല അടിസ്ഥാനത്തിൽ എല്ലാ ജനങ്ങൾക്കും സാനിറ്റെസർ, മാസ്ക്കുകൾ എന്നിവ ലഭ്യമാക്കണം. മഴക്കാലത്ത് വെള്ളത്തിലൂടെയുള്ള വൈറസ് വ്യാപനത്തെ കരുതിയിരിക്കണമെന്നും എസ്. ശർമ്മ ചൂണ്ടിക്കാട്ടി.
ജില്ലകളിലെ കോവിഡ് മോണിറ്ററിംഗ് കമ്മറ്റികളിൽ എം.പിമാരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തണമെന്ന് ബെന്നി ബെഹന്നാൻ എം.പി. ആവശ്യപ്പെട്ടു. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി എം.പിമാർ അവരുടെ ഫണ്ടിൽ നിന്നുള്ള പരമാവധി തുക ലഭ്യമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണം. വിദേശ രാജ്യങ്ങളിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കണമെന്നും ബെന്നി ബെഹന്നാൻ ആവശ്യപ്പെട്ടു.
ജൂൺ ഒന്നിന്ന് വിദ്യാലയങ്ങൾ പ്രവർത്തിച്ച് തുടങ്ങുമ്പോൾ കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഉറപ്പ് വരുത്തണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ നിർദ്ദേശിച്ചു. കാർഷിക മേഖലയിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക ധനസഹായം ഉറപ്പ് വരുത്തണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.
ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ കെ.ജെ മാക്സി, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, വി.ഡി സതീശൻ, അൻവർ സാദത്ത്, ടി.ജെ വിനോദ്, എൽദോ എബ്രഹാം, പി.ടി തോമസ്, എം സ്വരാജ്, വി.പി സജീന്ദ്രൻ, ആന്റണി ജോൺ, ജോൺ ഫെർണാണ്ടസ്, വി. കെ ഇബ്രാഹിം കുഞ്ഞ് എന്നിവർ കാക്കനാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വീഡിയോ കോൺഫറൻസിൽ സന്നിഹിതരായിരുന്നു.