കൊറോണക്കാലത്ത് കല്യാണം ക്ഷണിക്കാന്‍ നേരിട്ട് പോകേണ്ട; പുതിയ വിദ്യയുമായി ബിഎസ്എന്‍എല്‍

കല്യാണം ക്ഷണിക്കാനും ഇനി ബി.എസ്.എന്‍.എല്‍. സഹായിക്കും. പറയാനുള്ളത് റെക്കോഡുചെയ്ത് സ്വന്തം സ്മാര്‍ട്ട് ഫോണില്‍നിന്ന് അയക്കാവുന്ന സംവിധാനമാണ് രണ്ടുമാസത്തിനകം വരുന്നത്. രാജ്യത്ത് ആദ്യമായാണ് വ്യക്തികള്‍ക്ക് സ്വയം കൈകാര്യം ചെയ്യാവുന്ന ഗ്രൂപ്പ് കോളിങ് സംവിധാനം വരുന്നത്. എറണാകുളം എസ്.എസ്.എ.യിലെ എന്റര്‍െ്രെപസസ് ബിസിനസ് ടീമിനുവേണ്ടി മൊബൈല്‍ സര്‍വീസ് സെന്ററാണ് മൊബൈല്‍ ആപ്പ് അധിഷ്ഠിത സാങ്കേതികവിദ്യ ഒരുക്കുന്നത്.

നിലവില്‍ വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഗ്രൂപ്പ് കോളിങ് സംവിധാനമുണ്ട്. പക്ഷേ, അതിന് ആദ്യം എന്റര്‍െ്രെപസസ് ബിസിനസ് സെല്ലില്‍ പോവണം. അവിടെ പണമടച്ച് നമ്പര്‍ പട്ടിക നല്‍കണം. പിന്നീട് എന്താണോ വിളിച്ചുപറയേണ്ടത് അതിന്റെ ഓഡിയോ ഫയല്‍ കൈമാറണം.

പുതിയ സംവിധാനത്തില്‍ ഇതൊന്നും വേണ്ട. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ സ്വന്തമായുള്ള ബി.എസ്.എന്‍.എല്‍. നമ്പര്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. മൊബൈല്‍ ആപ്പാണ് ബാക്കി ചെയ്യുക. എന്താണോ അറിയിക്കേണ്ട സന്ദേശം അത് റെക്കോഡുചെയ്ത് ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് ഏതൊക്കെ നമ്പറുകളിലേക്കാണോ കോള്‍ പോവേണ്ടത് അതെല്ലാം കോണ്‍ടാക്ട് ലിസ്റ്റില്‍നിന്നു സെലക്ട് ചെയ്യണം. പിന്നീട് സബ്മിറ്റ് ബട്ടണ്‍ കൊടുത്താല്‍ അത്രയും നമ്പറുകളില്‍ ബെല്ലടിക്കും. എടുത്തുകഴിഞ്ഞാല്‍ സന്ദേശം കേള്‍ക്കാം. കോള്‍ പമ്പിങ് എന്നാണ് ഇതിന് പറയുന്നത്. കിട്ടാത്ത കോളുകളിലേക്ക് അല്പസമയത്തിനുശേഷം വീണ്ടും കോള്‍ പോകും. ഇതിനുശേഷം ഒരു റിപ്പോര്‍ട്ട് തനിയേ ഉണ്ടാവും. ഏതൊക്കെ നമ്പര്‍ കിട്ടി, കിട്ടിയില്ല എന്ന വിവരങ്ങള്‍ അതിലുണ്ടാവും. കിട്ടാത്ത നമ്പറുകള്‍ സെലക്ട് ചെയ്ത് വീണ്ടും ശ്രമിക്കാവുന്നതാണ്. എത്ര നമ്പറിലേക്ക് വേണമെങ്കിലും ഇങ്ങനെ ഗ്രൂപ്പ് കോളിങ് നടത്താം.

ഇത്രയും പ്രവൃത്തികള്‍ നടക്കുമ്പോള്‍ ഫോണ്‍ കോള്‍ എന്‍ഗേജ്ഡ് ആവില്ല. സാധാരണ കോളിന് വരുന്ന ചാര്‍ജ് മാത്രമേ ഒരു നമ്പറിലേക്ക് (ഒരു രൂപയില്‍താഴെ) ഈടാക്കൂ. കിട്ടാത്ത കോളിന് ചാര്‍ജ് ചെയ്യില്ല. പണം പ്രീപെയ്ഡ് ആയോ പോസ്റ്റ്‌പെയ്ഡ് ആയോ അടയ്ക്കാം. സൗജന്യ കിറ്റ് വേണ്ടെന്നുവെക്കുന്നവരെ അറിയാന്‍ വിവരം ശേഖരിക്കാന്‍ സപ്ലൈക്കോക്കുവേണ്ടി ഗ്രൂപ്പ് കോളിങ് സംവിധാനം ഏര്‍പ്പെടുത്തിയത് ബി.എസ്.എന്‍.എല്‍. ആയിരുന്നു. ഇതിന്റെ വിജയമാണ് പുതിയ ആശയത്തിന് വഴിതെളിച്ചത്.

അപ്‌ലോഡ് ചെയ്യുന്ന സന്ദേശം എന്താണെന്ന് ബി.എസ്.എന്‍.എലിന്റെ ജില്ലാ കേന്ദ്രങ്ങളില്‍ പരിശോധിക്കും. ദേശസുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കിയശേഷമായിരിക്കും ഉപഭോക്താവിന് കോള്‍ പമ്പിങ്ങിന് അനുവാദം ലഭിക്കുക. ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള കോളുകള്‍ ട്രായ് നിര്‍ദേശം പാലിച്ചുള്ളവയാണോ എന്നും പരിശോധിക്കും.

കേരള ചീഫ് ജനറല്‍ മാനേജര്‍ സി.വി. വിനോദ്, എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഫ്രാന്‍സിസ് ജേക്കബ് എന്നിവരുടെ താത്പര്യത്തിലാണ് പദ്ധതി മുന്നോട്ടുപോവുന്നത്. സബ്ഡിവിഷണല്‍ എന്‍ജിനിയര്‍ എം.പി. അനീഷ്, ജെ.ടി.ഒ. അനൂപ് കെ. ജയന്‍ എന്നിവരാണ് ഇതിന്റെ സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത്.

follow us on pathram online latest news…

Similar Articles

Comments

Advertismentspot_img

Most Popular