മെല്‍ബണ്‍: ക്രിക്കറ്റ് ലോകം കണ്ട ഇതിഹാസ താരങ്ങളില്‍ ഒരാളായിരിക്കുമ്പോള്‍ത്തന്നെ വിവാദ നായകനുമായിരുന്ന വ്യക്തിയാണ് ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍. അച്ചടക്കമുള്ള ബോളിങ്ങിലൂടെ ക്രിക്കറ്റ് മൈതാനങ്ങളില്‍നിന്ന് വിക്കറ്റുകള്‍ വാരുമ്പോഴും, അച്ചടക്കമില്ലാത്ത ജീവിതരീതി കൊണ്ട് ഏറെ പഴി കേട്ടയാള്‍. ഒരുകാലത്ത് ക്രിക്കറ്റ് ലോകം അടക്കി വാണിരുന്ന തന്റെ വ്യക്തിജീവിതം കീഴ്മേല്‍ മറിച്ചതെന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ‘നൂറ്റാണ്ടിലെ പന്ത്’ എന്ന പേരില്‍ ക്രിക്കറ്റ് ലോകം ഇപ്പോഴും ആഘോഷിക്കുന്ന ആ പന്താണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചതത്രേ. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് വോണ്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
1993ലെ ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റിലാണ് ക്രിക്കറ്റ് ലോകം ഇന്നും അദ്ഭുതംകൂറുന്ന നൂറ്റാണ്ടിന്റെ ബോള്‍ പിറവികൊണ്ടത്. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് (ജൂണ്‍ 4) ഷെയ്ന്‍ വോണിന്റെ വിരലുകള്‍ മാന്ത്രികം കാണിച്ചത്. സ്പിന്‍ ബോളിങ്ങിനെതിരെ മികച്ച റെക്കോര്‍ഡുള്ള ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ മൈക് ഗാറ്റിങ്ങിനെതിരെ പന്തെറിയാനെത്തുമ്പോള്‍ ഒരു സാധാരണ ലെഗ്‌സ്പിന്നര്‍ മാത്രമായിരുന്നു ഷെയ്ന്‍ വോണ്‍. അതുവരെ 11 ടെസ്റ്റുകളില്‍ നിന്നായി 31 വിക്കറ്റുകളായിരുന്നു സമ്പാദ്യം.
ഗാറ്റിങ്ങിനെതിരായ ആദ്യ പന്ത് അക്ഷരാര്‍ഥത്തില്‍ നൂറ്റാണ്ടിന്റെ തന്നെ അദ്ഭുതമായിരുന്നു. ലെഗ് സ്റ്റംപിന് ഇഞ്ചുകള്‍ പുറത്തു കുത്തിയ പന്ത് തിരിഞ്ഞുകയറിയത് ഓഫ് സ്റ്റംപ് തെറിപ്പിച്ചുകൊണ്ട്. ലെഗ് സ്റ്റംപിന് വെളിയില്‍ കുത്തി ഡിഫന്‍ഡ് ചെയ്യാനുള്ള ഗാറ്റിങ്ങിന്റെ ശ്രമം അമ്പേ പരാജയപ്പെട്ടു. അവിശ്വസനീയത ഗാറ്റിങ്ങിന്റെ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു. പിന്നീട് എട്ടു വിക്കറ്റുകള്‍ കൂടി അതേ ടെസ്റ്റില്‍ സ്വന്തമാക്കി. ആഷസ് പരമ്പരയിലെ അഞ്ചു ടെസ്റ്റുകളില്‍ നിന്നുമാത്രം വോണ്‍ വീഴ്ത്തിയത് 35 വിക്കറ്റുകളാണ്. പിന്നീട് കണ്ടത് ഷെയ്ന്‍ വോണെന്ന പകരംവയ്ക്കാനില്ലാത്ത സ്പിന്നറുടെ സുവര്‍ണകാലം. പക്ഷേ അത് ക്രിക്കറ്റ് കളത്തില്‍ മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ വോണിന്റെ വെളിപ്പെടുത്തല്‍. കളത്തിനു പുറത്ത് ആ പന്ത് വോണിന് അത്ര നല്ലതായല്ല ഭവിച്ചത്.
‘ആ പന്ത് പിറവിയെടുക്കുമ്പോള്‍ എനിക്ക് 23 വയസ്സ് മാത്രമാണ് പ്രായം. ആ മത്സരത്തിനുശേഷം ലണ്ടനില്‍ വിന്‍ഡ്മില്‍ പബ്ബില്‍ പോയത് എനിക്കോര്‍മയുണ്ട്. വെസ്റ്റ്ബറി ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. അന്ന് പബ്ബില്‍നിന്ന് പുറത്തേക്കു വരുമ്പോള്‍ ഏതാണ്ട് 2530 ഫൊട്ടോഗ്രഫര്‍മാരാണ് എന്റെ ചിത്രം പകര്‍ത്താന്‍ അവിടെയുണ്ടായിരുന്നത്. ഇത് ഞാന്‍ കള്ളം പറയുന്നതല്ല. പിറ്റേന്ന് പത്രങ്ങളിലെ പ്രധാന വാര്‍ത്ത ഞാനായിരുന്നു. ‘ഷെയ്ന്‍ വോണ്‍ പബ്ബില്‍’ എന്ന് വലിയ തലക്കെട്ടും പടവും സഹിതമാണ് വാര്‍ത്ത. ഞാന്‍ ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചുപോലും വിമര്‍ശനങ്ങള്‍ വന്നു. ‘ഷെയ്ന്‍ വോണിനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍’ എന്ന പേരിലും വന്നു വാര്‍ത്തകള്‍. അതിലെഴുതിയ പലതും അതു വായിച്ചപ്പോഴാണ് ഞാനുമറിയുന്നത്. ഇതൊന്നും ശരിയല്ല, എന്നെക്കുറിച്ചാണെങ്കില്‍ ഇതെല്ലാം കള്ളമാണ്’ എന്ന് എനിക്ക് തോന്നി’ വോണ്‍ വിവരിച്ചു.
തന്നെക്കുറിച്ച് അസത്യങ്ങളും അര്‍ധസത്യങ്ങളും വച്ചാണ് മാധ്യമങ്ങള്‍ പലപ്പോഴും വാര്‍ത്ത നല്‍കിയിരുന്നതെന്നും വോണ്‍ ആരോപിച്ചു. ‘എന്നെക്കുറിച്ച് വന്നിരുന്ന വാര്‍ത്തകള്‍ കണ്ട് ഞാന്‍ തന്നെ അദ്ഭുതപ്പെടുന്ന അവസ്ഥയായിരുന്നു. അതില്‍ പലതും അംഗീകരിക്കാന്‍ പോലും ബുദ്ധിമുട്ടി’ വോണ്‍ പറഞ്ഞു. ‘സത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ ജീവിക്കുകയാണ് ഏറ്റവും നല്ലത്. പക്ഷേ, എനിക്കതിനു കഴിഞ്ഞില്ല. ഇതെല്ലാം കണ്ട് ഞാന്‍ അസ്വസ്ഥനായി. ഇവര്‍ പറയുന്നതൊന്നുമല്ല ഞാനെന്ന് എന്റെ മനസ്സ് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ അവരുടെ പ്രവര്‍ത്തനരീതികളൊന്നും ഒരുകാലത്തും എനിക്കു മനസിലായിട്ടുമില്ല’ വോണ്‍ പറഞ്ഞു.
പലപ്പോഴും വളരെ ധാര്‍ഷ്ഠ്യത്തോടു കൂടിയായിരുന്ന തന്റെ പെരുമാറ്റമെന്നും വോണ്‍ സമ്മതിച്ചു. ‘അതാത് നിമിഷത്തില്‍ ജീവിക്കുക എന്നതായിരുന്നു പലപ്പോഴും എന്റെ രീതി. അതുകൊണ്ട് ചെയ്യുന്ന കാര്യങ്ങളുടെ അനന്തരഫലത്തെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. എന്നെ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളില്‍ ചാടിച്ചതും ഈ രീതിയാണ്. ഓരോന്നു ചെയ്യുമ്പോഴും പറയുമ്പോഴും അത് എന്നെയും മറ്റുള്ളവരെയും എങ്ങനെയാണ് ബാധിക്കുക എന്നത് ഞാന്‍ ഗൗനിച്ചിരുന്നു പോലുമില്ല’ വോണ്‍ പറഞ്ഞു.
എപ്പോഴും എന്റെ പെരുമാറ്റം സ്വാര്‍ഥമായിരുന്നു. എനിക്കു തോന്നിയതെല്ലാം ഞാന്‍ ചെയ്തു. അതെല്ലാം എനിക്ക് പ്രശ്‌നങ്ങളായി വരികയും ചെയ്തു. എന്റെ എല്ലാ തീരുമാനങ്ങളെക്കുറിച്ചും തീര്‍ച്ചയായും ഞാന്‍ അഭിമാനിക്കുന്നില്ല. പലപ്പോഴും ഗുരുതരമായ തെറ്റുകള്‍ ഞാന്‍ വരുത്തിയിട്ടുണ്ട്. എങ്കിലും എന്നോടു സ്വയം നീതി പുലര്‍ത്തി എന്ന ബോധ്യം എന്നുമുണ്ട്. അതില്‍ അഭിമാനവുമുണ്ട്. ചിലതൊക്കെ പാളിപ്പോയി. എന്റെ ചില പ്രവര്‍ത്തികള്‍ കുടുംബത്തെ പ്രതികൂലമായി ബാധിച്ചു. മക്കള്‍ക്ക് നാണക്കേടുണ്ടാക്കി. പക്ഷേ അതെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു’ വോണ്‍ പറഞ്ഞു.
അതേസമയം, ഇതേക്കുറിച്ചൊന്നും തനിക്ക് ഇപ്പോള്‍ യാതൊരു നിരാശയുമില്ലെന്നും വോണ്‍ വ്യക്തമാക്കി. ‘ഇത്തരം പിഴവുകള്‍ക്കൊപ്പം തന്നെ ഞാന്‍ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് എനിക്ക് അഭിമാനവുമുണ്ട്. ഞാന്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എങ്കിലും ആളുകള്‍ക്ക് മോശം വശം കാണാനാണ് കൂടുതല്‍ ഇഷ്ടം. കാരണം, അതില്‍നിന്നാണ് അവര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ തലക്കെട്ടുകള്‍ കിട്ടുക’ വോണ്‍ പറഞ്ഞു