തമിഴ് നാട്ടില്‍ കൊറോണ കുതിച്ചുയരുന്നു; ഇന്ന് 798 പുതിയ കോവിഡ് കേസുകള്‍ ,ഒറ്റ ദിവസം ഇത്രയും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം

തമിഴ് നാട്ടില്‍ കൊറോണ കുതിച്ചുയരുന്നു. തിങ്കളാഴ്ച മാത്രം 798 പുതിയ കോവിഡ് കേസുകളാണ് തമിഴ് നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതെടെ ഡല്‍ഹിയെ മറികടന്ന് തമിഴ്‌നാട് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനമായി. ആദ്യമായാണ് ഒറ്റദിവസത്തിനുള്ളില്‍ ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8,002 ആയി. ഞായറാഴ്ചത്തെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 7,233 കേസുകളാണുളളത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ 450 കേസുകള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയിലും ഗുജറാത്തിലും മാത്രമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലേതിനേക്കാള്‍ രോഗികള്‍ ഉള്ളത്. ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍നിന്നുള്ള രോഗപ്പകര്‍ച്ചയാണ് തമിഴ്‌നാടിനു തിരിച്ചടിയായത്. രണ്ടായിരത്തിലധികം പേര്‍ക്കാണു കോയമ്പേട് മാര്‍ക്കറ്റില്‍നിന്നു മാത്രം രോഗബാധ സ്ഥിരീകരിച്ചത്.

ചെന്നൈയില്‍ മാത്രം തിങ്കളാഴ്ച 538 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4,371 പേര്‍ക്കാണു ചെന്നൈയില്‍ മാത്രം രോഗബാധയുള്ളത്. സംസ്ഥാനത്താകെ ആറു പേര്‍ തിങ്കളാഴ്ച മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 53 ആയി. ഇന്നലെ നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനും ആസ്മയും ഉള്ളവരാണു മരിച്ചത്. തിങ്കളാഴ്ച 12 വയസ്സില്‍ താഴെയുള്ള 63 കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവ് ആയത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. ഇതുവരെ 427 കുട്ടികള്‍ക്കാണു രോഗബാധയുണ്ടായത്.

മഹാരാഷ്ട്രയില്‍ 23,401 പേര്‍ക്കും ഗുജറാത്തില്‍ 8545 പേര്‍ക്കുമാണു രോഗബാധയുള്ളത്. കര്‍ണാടകത്തില്‍ ചൊവ്വാഴ്ച പുതിയ 42 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 904 ആയി. 31 പേരാണ് ഇതുവരെ മരിച്ചത്.

രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം 70,756 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,604 പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7