ട്രെയിന്‍ സര്‍വ്വീസ് നാളെ മുതല്‍ ; ഇന്ന് വൈകിട്ട് നാലുമുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച ട്രെയിനുകള്‍ വീണ്ടും ഓടിതുടങ്ങുന്നു. ആദ്യഘട്ടം 15 ജോഡി ട്രെയിനുകള്‍ (30 സര്‍വീസ്) നാളെ ഓടിത്തുടങ്ങും. ഡല്‍ഹിയില്‍നിന്നു വിവിധ സംസ്ഥാനങ്ങളിലേക്കും തിരികെയുമായി നിശ്ചയിച്ച 30 പ്രത്യേക സര്‍വീസുകളുടെ പട്ടികയില്‍ തിരുവനന്തപുരവുമുണ്ട്. ഐ.ആര്‍.സി.ടി.സി. വെബ്െസെറ്റിലൂടെ ഇന്ന് വൈകിട്ട് നാലുമുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രെയിനുകളുടെ സമയക്രമം ഉടന്‍ അറിയിക്കും.

ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരം, ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബംഗളുരു, ചൈന്നെ, മഡ്ഗാവ്, മുംെബെ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു താവി സ്‌റ്റേഷനുകളിലേക്കും തിരികെയുമാണു സര്‍വീസുകള്‍. സ്‌റ്റേഷനിലെ കൗണ്ടറുകള്‍ അടഞ്ഞുകിടക്കും. പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പനയുമില്ല.ഐ.ആര്‍.സി.ടി.സി. വെബ്െസെറ്റിലൂടെ കണ്‍ഫേം ടിക്കറ്റ് ലഭിച്ചവര്‍ക്കു മാത്രമേ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്രവേശനം അനുവദിക്കൂ.

സ്‌റ്റേഷനിലെത്തുമ്പോള്‍ മെഡിക്കല്‍ സ്‌ക്രീനിങ്ങുണ്ടാകും. രോഗലക്ഷണമില്ലാത്തവരെ മാത്രമേ ട്രെയിനില്‍ കയറാന്‍ അനുവദിക്കൂ. യാത്രക്കാര്‍ക്കു മാസ്‌ക് നിര്‍ബന്ധം.അടിയന്തര സാഹചര്യത്തില്‍ കോവിഡ് ബാധിതരുടെ പരിചരണത്തിന് ഉപയോഗിക്കാനായി റെയില്‍വേ ഏകദേശം 20,000 കോച്ചുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഓരോ ദിവസവും ഏകദേശം 300 ”ശ്രമിക് സ്‌പെഷല്‍” ട്രെയിനുകള്‍ ഓടിക്കുന്നുമുണ്ട്. ശേഷിക്കുന്ന കോച്ചുകള്‍ ഉപയോഗിച്ച് പുതിയ റൂട്ടുകളില്‍ കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ റെയില്‍വേ യാത്രാട്രെയിനുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ചരക്കു ട്രെയിനുകളും കുടിയേറ്റത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ശ്രമിക് സ്‌പെഷല്‍ ട്രെയിനുകളും മാത്രമാണ് ഇപ്പോള്‍ ഓടിക്കുന്നത്. ലോക്ക്ഡൗണ്‍ നിശ്ചയിച്ചിരിക്കുന്ന 17 വരെ പൊതുഗതാഗതം അനുവദിച്ചിട്ടില്ലാത്ത നിലയ്ക്കാണ് കുടുങ്ങിപ്പോയവര്‍ക്കായി പ്രത്യേക സര്‍വീസുകള്‍ക്കു തീരുമാനിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular