സംസ്ഥാനത്ത് ഇന്ന് നാലുപേര്‍ക്ക് കൂടി കോവിഡ്; കൂടുതല്‍ പേര്‍ കണ്ണൂര്‍ ജില്ലയില്‍..

സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി കൊവിഡ്. കണ്ണൂരില്‍ 3 പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

നാല് പേര്‍ക്ക് രോഗം ഭേദമായി. കാസര്‍ഗോഡ് രണ്ട് പേര്‍ക്കും, കണ്ണൂരില്‍ രണ്ട് പേര്‍ക്കുമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് ഇത് വരെ 485 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇതുവരെ 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 123 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 20,773 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്; വീടുകളില്‍ 20,255 പേര്‍, ആശുപത്രികളില്‍ 518 പേര്‍.

ഇന്ന് 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 23,980 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 23277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ള വ്യക്തികള്‍ എന്നിവരടങ്ങുന്ന മുന്‍ഗണനാ ഗ്രൂപ്പില്‍നിന്ന് 875 സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

801 റിസല്‍ട്ടുകള്‍ നെഗറ്റീവ് ആയി. ഇന്നലെ 3101 സാംപിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു. അതില്‍ 2682 പേരുടെ ഫലം നെഗറ്റീവാണ്. മൂന്നെണ്ണമാണ് പോസിറ്റീവ് ആയത്. 391 പേരുടെ ഫലം വരാനുണ്ട്. 25 എണ്ണം പുനഃപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരുടെയൊക്കെയാണോ പോസിറ്റീവ് ആയത് അവരെ കണ്ടെത്തി ആശുപത്രികളിലാക്കി. ഈ ഫലങ്ങള്‍ ഒന്നുകൂടി ഉറപ്പുവരുത്തും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവി!ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോടാണ്– 175 എണ്ണം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 89 രോഗികളെ ചികിത്സിച്ച് ഭേദമാക്കി. അവസാനത്തെ രോഗിയെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 200 ഓളം പേര്‍ അടങ്ങുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘത്തെ അഭിനന്ദിക്കുന്നു.

ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവട്ടി പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തും ചങ്ങനാശേരി മുനിസിപ്പാലിറ്റിയും മലപ്പുറത്തെ കാലടിയും പാലക്കാട് ആലത്തൂര്‍ പഞ്ചായത്തും ഹോട്ട് സ്‌പോട്ടുകളാണ്. കോട്ടയം ഇടുക്കി ജില്ലകളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ ഒന്നുകൂടി ഗൗരവമായി പരിശോധിക്കും. ലോക്ഡൗണ്‍ പൂര്‍ണമായി വിലയിരുത്തി മേയ് 3 ന് പുതിയ തീരുമാനമെടുക്കും. എല്ലാ മേഖലയും വിശദമായി വിലയിരുത്തി നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ഘട്ടത്തില്‍ പുതിയ ചില പ്രതിസന്ധിയും ഉയര്‍ന്നു വരുന്നുണ്ട്. സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐടി, ഫിഷറീസ്, ടൂറിസം മേഖലകളില്‍ ഉണ്ടായ തിരിച്ചടികള്‍ പെട്ടെന്നു മറികടക്കുക സാധ്യമല്ല. അതത് മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് പുനരുജ്ജീവന പദ്ധതി തയാറാക്കണം. നാട് പുറകോട്ട് പോകാതിരിക്കാനുള്ള പദ്ധതികളാണ് രൂപപ്പെടുത്തേണ്ടത്. ഇതിന് വകുപ്പ് സെക്രട്ടറിമാര്‍ക്കു ചുമതല നല്‍കി. ഓരോ വകുപ്പിന്റെയും പദ്ധതികള്‍ പ്രത്യേകമായി തയാറാക്കും. അവ സമാഹരിച്ച് സംസ്ഥാനത്തിന്റെ ആകെ പദ്ധതിക്ക് രൂപം നല്‍കും. ആസൂത്രണ ബോര്‍ഡ് വിശദമായ മറ്റൊരു പഠനവും നടത്തും.

ബ്രേക് ദ് ചെയ്ന്‍ പദ്ധതി നാം വിജയകരമായി നടത്തുന്നുണ്ട്. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം. ഇപ്പോഴും അതില്‍ വലിയ അലംഭാവം കാണുന്നുണ്ട്. ഇനിയുള്ള നാളുകളില്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ മാസ്‌ക് ഉപയോഗം വരും. സ്‌കൂള്‍, യാത്രാ വേളകള്‍, മാര്‍ക്കറ്റ്, ആളുകള്‍ ചേരുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇങ്ങോട്ട് വരാന്‍ ആഗ്രഹിക്കുന്ന ജനങ്ങളെ ഇങ്ങോട്ട് കൊണ്ടുവരുന്നതിന് സൂക്ഷ്മമായ ക്രമീകരണം വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തിയില്‍ എത്തുമ്പോള്‍ തന്നെ പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular