പാലായില്‍ അടുത്ത മാസം ഉപതെരഞ്ഞെടുപ്പ്; നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും; എല്‍ഡിഎഫിന്റേത് മാണി സി. കാപ്പന്‍

കോട്ടയം: പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കെ.എം മാണി അന്തരിച്ച ഒഴിവിലേക്ക് സെപ്റ്റംബര്‍ 23നാണ് തിരഞ്ഞെടുപ്പ്. കേരള കോണ്‍ഗ്രസിലെ ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ വിഘടിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും ഉപതിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. പതിറ്റാണ്ടുകളായി കെ.എം മാണി വിജയിച്ചുവന്നിരുന്ന സീറ്റില്‍ ജോസ് കെ. മാണി വിഭാഗത്തിനാണ് കൂടുതല്‍ അവകാശം. ഈ സാഹചര്യത്തില്‍ നിഷ ജോസ് കെ. മാണിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

നിഷ ജോസ് കെ. മാണി വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വലിയ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായേക്കുമെന്ന സൂചനയായാണ് ജോസഫിന്റെ വാക്കുകളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് ആരെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനിരിക്കെയാണ് ജോസ് കെ. മാണി വിഭാഗത്തിലെ 21 നേതാക്കളെ ജോസഫ് പുറത്താക്കിയത്. കെ.എം മാണിയുടെ സീറ്റില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള അവകാശം ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ നിലപാട്.

അതേസമയം സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫ് നിശ്ചയിക്കട്ടെ താന്‍ ചിഹ്നം അനുവദിക്കാമെന്ന് പി.ജെ ജോസഫും വ്യക്തമാക്കിയിട്ടുണ്ട്. നിഷ ജോസ് കെ. മാണിയുടെ പേരിനാണ് ജോസ് കെ മാണി വിഭാഗത്തില്‍ മുന്‍തൂക്കം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാലായിലെ പ്രശയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലടക്കം നിഷ സജീവമായിരുന്നു. മുതിര്‍ന്ന നേതാവ് ഇ.ജെ ആഗസ്തിയുടെ പേരും പരിഗണനയിലുണ്ട്. പിതാവിന്റെ സീറ്റില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന കണക്കൂകൂട്ടലില്‍ മൂന്ന് മുന്നണികളും നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനിടെ പ്രളയം വന്നതോടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. എന്‍.സി.പി നേതാവ് മാണി സി. കാപ്പനാണ് എല്‍.ഡി.എഫില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സി.പി.എം സീറ്റ് ഏറ്റെടുത്താല്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി മറ്റാരെങ്കിലും കടന്നുവന്നേക്കാം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7