ആറു വർഷമായി തന്റെ വീട്ടിൽ ജോലികളിൽ സഹായിച്ചിരുന്ന ഒഡീഷക്കാരിയായ സ്ത്രീയുടെ അന്ത്യകർമങ്ങൾ നിർവഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ ഇവരുടെ മൃതദേഹം സ്വദേശമായ ഒഡീഷയിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഗംഭീർ തന്നെ അന്ത്യകർമങ്ങൾ ചെയ്തു. ഇക്കാര്യം റിപ്പോർട്ട് ചെയ്തുകൊണ്ടുള്ള വാർത്ത പങ്കുവച്ച് ട്വീറ്റ് ചെയ്ത ഗംഭീർ, അന്ത്യകർമങ്ങൾ താന്‍തന്നെ നിർവഹിച്ച കാര്യം വെളിപ്പെടുത്തി.
ഒഡീഷ സ്വദേശിനിയായ സരസ്വതി പാത്ര കഴിഞ്ഞ ആറു വർഷമായി ഗംഭീറിന്റെ വീട്ടിൽ ജോലികളിൽ സഹായിക്കുകയാണ്. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ഒഡീഷയിലെ ജാജ്പുർ സ്വദേശിനിയാണ് 49കാരിയായ സരസ്വതി. ദീർഘനാളായി പ്രമേഹവും രക്തസമ്മർദ്ദവും ഇവരെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം സുഖമില്ലാതായതോടെ ഡൽഹിയിലെ സർ ഗംഗ രാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഏപ്രിൽ 21നാണ് സരസ്വതി മരണമടഞ്ഞത്.
തുടർന്ന് ഇവരുടെ മൃതദേഹം ഒഡീഷയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലോക്ഡൗണിനിടെ ഡൽഹിയിൽനിന്ന് ഒഡീഷയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞ് മൃതദേഹം ഡൽഹിയിൽത്തന്നെ സംസ്കരിക്കുകയായിരുന്നു. സരസ്വതിക്ക് ആദരാഞ്ജലി അർപ്പിച്ച് ഗംഭീറിന്റെ കുറിപ്പ് ഇങ്ങനെ:
‘എന്റെ കുഞ്ഞുമക്കളുടെ എല്ലാ കാര്യങ്ങളും ഇത്രകാലം നോക്കിയത് വെറും വീട്ടുജോലിയായി മാത്രം കാണാനാകില്ല. അവർ എന്റെ കുടുംബാംഗമായിരുന്നു. അവർക്ക് അന്ത്യകർമങ്ങൾ ചെയ്യേണ്ടത് എന്റെ കർത്തവ്യമായിത്തന്നെ കാണുന്നു. വംശത്തിനും വർഗത്തിനും മതത്തിനും സാമൂഹിക നിലവാരത്തിനുമപ്പുറം മനുഷ്യനിലാണ് എന്റെ വിശ്വാസം. നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ അതു മാത്രമാണ് മാർഗം. ഇന്ത്യയെക്കുറിച്ചുള്ള എന്റെ സങ്കൽപ്പവും അതാണ്. ഓം ശാന്തി!’ – ഗംഭീർ ട്വിറ്ററിൽ കുറിച്ചു.
Taking care of my little one can never be domestic help. She was family. Performing her last rites was my duty. Always believed in dignity irrespective of caste, creed, religion or social status. Only way to create a better society. That’s my idea of India! Om Shanti pic.twitter.com/ZRVCO6jJMd
— Gautam Gambhir (@GautamGambhir) April 23, 2020