ക്വാറന്റീനിലിരിക്കുന്നവരുടെ കാര്യത്തില്‍ എന്തുരഹസ്യമാണ് സൂക്ഷിക്കാനുള്ളതെന്ന് മന്ത്രി

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കു പിന്നാലെ, ക്വാറന്റീനിലിരിക്കുന്നവരുടെ വിവരശേഖരണം നടത്തുന്ന തദ്ദേശവകുപ്പിന്റെ മന്ത്രി എ.സി.മൊയ്തീനും കൈ കഴുകി. ഡേറ്റ തയാറാക്കുന്നത് തദ്ദേശവകുപ്പല്ലെന്നും ക്വാറന്റീനിലിരിക്കുന്നവരുടെ കാര്യത്തില്‍ എന്തുരഹസ്യമാണ് സൂക്ഷിക്കാനുള്ളതെന്നും മന്ത്രി എ.സി.മൊയ്തീന്‍ പ്രതികരിച്ചു.

അമേരിക്കന്‍ കമ്പനി സ്പ്രിന്‍ക്ലര്‍ വഴി കോവിഡ് വിവരശേഖരണം നടത്തുന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്താന്‍ തയാറായിരുന്നില്ല. വെബ് വിലാസം മാറിയതല്ലാതെ വിവരങ്ങള്‍ ശേഖരിക്കുന്ന സെര്‍വറില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. തദ്ദേശവകുപ്പ് ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കുപിന്നാലെ തദ്ദേശമന്ത്രിയും ഐടി വകുപ്പിന്റെ തലയില്‍ വച്ച് ഉത്തരവാദിത്തമൊഴിഞ്ഞു.

നിരീക്ഷണത്തിലിരിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റെന്ന പ്രതിപക്ഷനേതാവിന്റെ ഗുരുതര ആരോപണത്തെയും മന്ത്രി തള്ളി. സിഡിറ്റിന്റെ ആമസോണ്‍ വെബ് സെര്‍വറിലെ ക്ലൗഡ് അക്കൗണ്ട് ശേഷി വര്‍ധിപ്പിച്ചാല്‍ മാത്രമേ വിവരശേഖരണം പുതിയ സെര്‍വറിലേക്ക് മാറ്റാന്‍ പറ്റൂ.

ലോക്ഡൗണ്‍ അവസാനിക്കുമ്പോള്‍ വിപുലമായ വിവരശേഖരണം വേണ്ടിവരുന്നതിനാല്‍ സ്പ്രിന്‍ക്ലറുമായി പ്രത്യേകം എന്റര്‍െ്രെപസ് കരാറില്‍ ഏര്‍പ്പെടേണ്ടി വരുമെന്നാണ് ഐടി വകുപ്പിന്റെ നിലപാട്. വിവര സുരക്ഷാനടപടികള്‍ ഉറപ്പാക്കുമെന്നും പറയുന്നു. സ്പ്രിന്‍ക്ലറുമായി സഹകരണം തുടരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ ശേഖരിക്കുന്ന വിവരത്തിന്റെ ഉപയോഗം സംബന്ധിച്ച സ്വകാര്യതാ നയം ഇതുവരെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular