മൗത്ത് വാഷ് ഉപയോഗിച്ച് കുലുക്കുഴിയുന്നത് കോവിഡ് വ്യാപനം കുറക്കുമെന്ന് പഠനങ്ങള്‍

മൗത്ത് വാഷ് ഉപയോഗിച്ച് കുലുക്കുഴിയുന്നത് വായിലെയും തൊണ്ടയിലെയും വൈറസ് അംശത്തെ ലഘൂകരിച്ച് അല്‍പ സമയത്തേക്ക് എങ്കിലും കോവിഡ് വ്യാപനത്തെ കുറച്ചേക്കാമെന്ന് പഠനങ്ങള്‍.
എന്നാല്‍ കോവിഡ് അണുബാധയ്ക്ക് ചികിത്സിക്കാനും കൊറോണ വൈറസ് പിടിപെടാതിരിക്കാനും മൗത്ത് വാഷ് മതിയാകില്ലെന്നും ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

മൗത്ത് വാഷ് ഉപയോഗം തുപ്പലിലെയും വായിലെയും വൈറസ് അളവ് അല്‍പമൊന്ന് കുറച്ചേക്കാമെന്നാണ് ജര്‍മനിയിലെ റുഹര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. ജര്‍മനിയിലെ ഫാര്‍മസികളില്‍ ലഭ്യമായ വിവിധ ചേരുവകളുള്ള എട്ട് മൗത്ത് വാഷുകളാണ് പഠനത്തിനായി ഉപയോഗിച്ചത്.

ഗവേഷകര്‍ ഈ മൗത്ത് വാഷുകളെ വൈറസ് കണികകളും തുപ്പലിനു സമാനമായ വസ്തുവുമായി കൂട്ടിക്കലര്‍ത്തി. കുലുക്കുഴിയലിന്റെ ഫലം ഉളവാക്കാനായി ഈ മിശ്രിതം 30 സെക്കന്റ് നന്നായി കുലുക്കി. ശേഷം വീറോ ഇ6 കോശങ്ങളില്‍ പരിശോധിച്ചു. സാര്‍സ് കോവ്-2 വൈറസിനെ സ്വീകരിക്കുന്ന ഈ കോശങ്ങള്‍ വൈറസ് കണികകളുടെ തോത് അളക്കാന്‍ സഹായിക്കും. താരതമ്യ പഠനത്തിനായി വൈറസ് പദാര്‍ഥം മൗത്ത് വാഷിനു പകരം സെല്‍ കള്‍ച്ചര്‍ മീഡിയത്തിലും ഗവേഷകര്‍ കലര്‍ത്തിയിരുന്നു.

മൂന്ന് മൗത്ത് വാഷുകള്‍ വൈറസിനെ തിരിച്ചറിയാന്‍ കഴിയാത്ത വിധം 30 സെക്കന്റുകള്‍ കൊണ്ട് അവയെ കുറച്ചതായി പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ഇതിന്റെ പ്രഭാവമോ അത് എത്ര നേരം നീണ്ടു നില്‍ക്കുമെന്നോ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കോശങ്ങള്‍ക്കുള്ളില്‍ വൈറസ് പെരുകുന്നതിനെ തടയാന്‍ ഒന്നും മൗത്ത് വാഷ് കൊണ്ട് സാധിക്കില്ല എന്ന് സംശയലേശമന്യേ ഗവേഷകര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അണുബാധ വരാന്‍ സാധ്യതയുള്ള ഓറല്‍ ക്യാവിറ്റിയിലും തൊണ്ടയിലും വലിയ അളവിലുള്ള വൈറസ് സാന്നിധ്യം അല്‍പമൊന്ന് കുറയ്ക്കാന്‍ ചിലപ്പോള്‍ മൗത്ത് വാഷ് സഹായകമായേക്കും. കോവിഡ് രോഗികള്‍ ദന്ത ഡോക്ടറെ കാണുന്നത് പോലുള്ള സന്ദര്‍ഭങ്ങളില്‍ മൗത്ത് വാഷ് ഉപയോഗം പ്രയോജനപ്പെടുമെന്നും പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular