കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകം ലോക്ഡൗണിലായതോടെ കായികക്ഷമത നിലനിര്‍ത്താനും സമയം കളയാനും വ്യത്യസ്തമായ വഴികള്‍ തേടുകയാണ് ആളുകള്‍. പലരും പല വിധ ചാലഞ്ചുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് ‘കോര്‍ ക്രഷര്‍ ചാലഞ്ചു’മായി ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രംഗപ്രവേശം. കായികക്ഷമതയില്‍ ലോകത്ത് ഏറ്റവും മുന്‍നിരയിലുള്ള താരങ്ങളിലൊരാളായ റൊണാള്‍ഡോ, വ്യായാമത്തില്‍ തന്നെ തോല്‍പ്പിക്കാമോ എന്ന വെല്ലുവിളിയുമായാണ് രംഗത്തെത്തിയത്.
സംഭവം ഇതാണ്; കിടന്നുകൊണ്ട് കാല്‍ ഉയര്‍ത്തി കൈകള്‍കൊണ്ട് കാലില്‍ തൊടണം. 45 സെക്കന്‍ഡുകൊണ്ട് 142 തവണയാണ് റൊണാള്‍ഡോ കിടന്ന കിടപ്പില്‍ ഉയര്‍ത്തിപ്പിടിച്ച കാലുകളില്‍ കൈകൊണ്ടു തൊട്ടത്. ഇതിന്റെ വിഡിയോ പങ്കുവച്ചാണ് സൂപ്പര്‍താരം മറ്റുള്ളവരെ ചാലഞ്ച് ചെയ്തത്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കളിക്കുന്ന പോര്‍ച്ചുഗീസ് താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസും ഡിയേഗോ ഡാലോട്ടും ശ്രമിച്ചുനോക്കിയെങ്കിലും റൊണാള്‍ഡോയെ തോല്‍പ്പിക്കാനായില്ല. ബ്രൂണോ ഫെര്‍ണാണ്ടസ് 45 സെക്കന്‍ഡില്‍ 117 തവണയും ഡാലോട്ട് 105 തവണയുമാണ് കിടന്നുകൊണ്ട് ഉയര്‍ത്തിപ്പിടിച്ച കാലില്‍ തൊട്ടത്.
പക്ഷേ, ദക്ഷിണാഫ്രിക്കയുടെ മധ്യദൂര ഓട്ടക്കാരി കാസ്റ്റര്‍ സെമന്യ ഈ വ്യായാമത്തില്‍ റൊണാള്‍ഡോയെ തോല്‍പ്പിച്ചു 45 സെക്കന്‍ഡുകൊണ്ട് 176 തവണയാണ് അവര്‍ കാലില്‍ തൊട്ടത്. ഇതിന്റെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ശരീരത്തിലെ പുരുഷ ഹോര്‍മോണിന്റെ അളവു കൂടിയതിന്റെ പേരില്‍ ട്രാക്കില്‍ വളരെയധികം പീഡനങ്ങള്‍ക്ക് ഇരയായ ദക്ഷിണാഫ്രിക്കന്‍ താരമാണ് സെമന്യ. ശരീരത്തിലെ പുരുഷ ഹോര്‍മോണിന്റെ (ടെസ്‌റ്റോസ്റ്റിറോണ്‍) കൂടിയ അളവാണു സെമന്യയ്ക്ക് എക്കാലവും തിരിച്ചടിയായത്. ഹോര്‍മോണ്‍ അളവ് കുറച്ചാല്‍ മാത്രമേ സെമന്യയെ വനിതാതാരങ്ങള്‍ക്കൊപ്പം ട്രാക്കിലിറക്കൂ എന്നായിരുന്നു ലോക അത്‌ലറ്റിക് സംഘടനയുടെ ഉത്തരവ്. അല്ലെങ്കില്‍, സെമന്യ പുരുഷതാരങ്ങള്‍ക്കൊപ്പം മത്സരിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, മരുന്നു കഴിക്കുന്നത് ആരോഗ്യം നശിപ്പിക്കുമെന്നു പ്രതികരിച്ച സെമന്യ രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയില്‍ ഉള്‍പ്പെടെ അപ്പീലിനു പോയെങ്കിലും അനുകൂല വിധി ലഭിച്ചില്ല. 400, 800, 1500 മീറ്ററുകളില്‍ മത്സരിച്ചിരുന്ന സെമന്യ ഇതോടെ 200 മീറ്ററില്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണ്. പുരുഷ ഹോര്‍മോണ്‍ അളവില്‍ക്കൂടുതലുള്ള വനിതാ താരങ്ങള്‍ക്കു സ്പ്രിന്റില്‍ (100 മീറ്റര്‍, 200 മീറ്റര്‍) മത്സരിക്കുന്നതി!നു തടസ്സമില്ല.