മുംബൈ: 2011ലെ ഏകദിന ലോകകപ്പ് കിരീടനേട്ടത്തില്‍ മഹേന്ദ്രസിങ് ധോണിയുടെ സിക്‌സറിന് അനാവശ്യ ശ്രദ്ധ കിട്ടുന്നുവെന്ന് അന്ന് ടീമില്‍ അംഗമായിരുന്ന ഇപ്പോഴത്തെ ലോക്‌സഭാ എംപി ഗൗതം ഗംഭീര്‍ വിമര്‍ശനമുയര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്. വിജയത്തിനരികെ നുവാന്‍ കുലശേഖരയുടെ പന്ത് നിലംതൊടാതെ അതിര്‍ത്തി കടത്തി ഇന്ത്യയെ വിജയത്തിലെത്തിച്ച ധോണിയുടെ ആ ഷോട്ടിനെക്കുറിച്ചായിരുന്നു ഗംഭീറിന്റെ പരാമര്‍ശം. അതവിടെ നില്‍ക്കട്ടെ. അന്ന് ലോകകപ്പ് ഫൈനലില്‍ യുവരാജിനും മുന്‍പേ ധോണി കളത്തിലിറങ്ങിയത് ‘ഷോ’ കാട്ടാനായിരുന്നുവെന്ന് കരുതുന്ന ഒട്ടേറെ ആരാധകര്‍ ഇന്നുമുണ്ട്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ഒന്‍പതാം വാര്‍ഷികത്തിലും ഇതേ ‘തിയറി’യുമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നവരെ കണ്ടു.
സത്യത്തില്‍ ആ ലോകകപ്പില്‍ മികച്ച ഫോമിലായിരുന്ന യുവരാജിനെ മാറ്റിനിര്‍ത്തി ധോണി അഞ്ചാം നമ്പറിലേക്ക് സ്വയം പ്രമോട്ട് ചെയ്ത് ഇറങ്ങിയത് ഉറപ്പായ വിജയത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനാണോ? അന്ന് ടീമില്‍ അംഗമായിരുന്ന സുരേഷ് റെയ്‌ന, ലോകകപ്പ് വിജയത്തിന്റെ വാര്‍ഷികത്തില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അതിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞു. റെയ്‌നയുടെ വാക്കുകളിലൂടെ: ‘ശ്രീലങ്ക നമുക്കു മുന്നില്‍ അത്യാവശ്യം മികച്ച വിജയലക്ഷ്യമാണ് ഉയര്‍ത്തിയതെങ്കിലും ഡ്രസിങ് റൂമില്‍ എല്ലാവരും ശാന്തരായിരുന്നു. പലരും പല ജോലികളിലായിരുന്നെങ്കിലും ആത്യന്തിക ലക്ഷ്യം കിരീടം നേടുക മാത്രമായിരുന്നു. ആരും ആരോടും മിണ്ടി പോലുമില്ല.’
‘ഒറ്റ ലക്ഷ്യമേ എല്ലാവരുടെയും മുന്നിലുണ്ടായിരുന്നുള്ളൂ. കിരീടം നേടുക. സച്ചിന്‍ പുറത്തായപ്പോള്‍ ഡ്രസിങ് റൂമിലെ നിശബ്ദത ഒന്നുകൂടി കനത്തു. പക്ഷേ, ആരും ശാന്തത കൈവിട്ടില്ല. സേവാഗ് പുറത്തായപ്പോള്‍ ഗംഭീര്‍ കളത്തിലേക്കു വരുന്ന കാഴ്ച നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടാകും. വലിയ ആത്മവിശ്വാസത്തിലായിരുന്നു ഗംഭീര്‍. അദ്ദേഹത്തിന്റെ ആത്മവിശ്വാസം കണ്ടപ്പോള്‍ത്തന്നെ ഈ കിരീടം നമുക്കാണെന്ന് എനിക്കു തോന്നിയിരുന്നു. യുവരാജിനു മുന്നേ ധോണി ഇറങ്ങിയതും പ്രധാനപ്പെട്ടൊരു തീരുമാനമായിരുന്നു. മുത്തയ്യ മുരളീധരനെതിരെ കൂടുതല്‍ നന്നായി കളിക്കാന്‍ തനിക്കാകുമെന്ന് ചൂണ്ടിക്കാട്ടി പരിശീലകന്‍ ഗാരി കിര്‍സ്റ്റന്റെ അനുമതിയോടെയാണ് അദ്ദേഹം നേരത്തെ ഇറങ്ങിയത്. അന്ന് സംഭവിച്ചതെല്ലാം അതേ മിഴിവോടെ ഇപ്പോഴും എന്റെ മനസ്സിലുണ്ട്’ – റെയ്‌ന പറഞ്ഞു.
അന്ന് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ബോളിങ്ങിലും ഒരു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉണ്ടായിരുന്നുവെന്ന് റെയ്‌ന അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പേസ് ബോളര്‍ സഹീര്‍ ഖാനെ ചൂണ്ടിയായിരുന്നു റെയ്‌നയുടെ വെളിപ്പെടുത്തല്‍. ‘ആ ലോകകപ്പില്‍ എന്തു തീരുമാനമെടുത്താലും അതെല്ലാം നമുക്ക് സഹായകമാകുന്ന രീതിയിലാണ് അവസാനിച്ചിരുന്നത്. ബോളിങ് ആക്രമണം മുന്നില്‍നിന്ന് നയിച്ചിരുന്നത് സഹീര്‍ ഭായിയായിരുന്നു. ലോകകപ്പ് വിജയത്തില്‍ എല്ലാവരും നമ്മുടെ ബാറ്റിങ് നിരയെ വാനോളം പുകഴ്ത്തും. പക്ഷേ, ബോളിങ്ങില്‍ നമ്മുടെ സച്ചിന്‍ തെന്‍ഡുല്‍ക്കറായിരുന്നു സഹീര്‍ ഭായിയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ആവശ്യമായ സമയത്തെല്ലാം കൃത്യമായി ബ്രേക്ക് ത്രൂ സമ്മാനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. യുവരാജ് സിങ്ങിന്റെ ഉറച്ച പിന്തുണ കൂടി ചേര്‍ന്നതോടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി മത്സരങ്ങള്‍ സ്വന്തമാക്കാന്‍ നമുക്കായി’ – റെയ്‌ന പറഞ്ഞു.
2011 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളില്‍ പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിക്കൊപ്പം ഒന്നാം സ്ഥാനത്തായിരുന്നു സഹീര്‍ ഖാന്‍. ഇരുവരും 21 വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. ഒന്‍പതു മത്സരങ്ങളില്‍നിന്ന് 18.76 ശരാശരിയിലാണ് സഹീര്‍ ഖാന്‍ 21 വിക്കറ്റ് വീഴ്ത്തിയത്.