ബാങ്ക് ലോണ്‍ എടുത്തവര്‍, അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാധകമാക്കിയിട്ടുണ്ടെങ്കിലും കാര്‍ഡ് കമ്പനികളില്‍ നിന്ന് ഇതു സംബന്ധിച്ച വ്യക്തതയില്ല. ഇതോടെ, കാര്‍ഡുടമകള്‍ ആശങ്കയിലായി. മൂന്ന് മാസത്തേക്കാണ് ആര്‍.ബി.ഐ. വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്.
എല്ലാത്തരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണെന്നാണ് കേന്ദ്ര ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ., ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് എന്നിവയും മൊറട്ടോറിയം പരിധിയില്‍ വരും. അതായത് മൂന്ന് മാസത്തേക്ക് ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ.യും വായ്പാ തിരിച്ചടവും ഇടപാടുകാര്‍ക്ക് മാറ്റിവയ്ക്കാവുന്നതാണ്.
പക്ഷെ, ബാങ്കുകളില്‍നിന്നും കാര്‍ഡ് കമ്പനികളില്‍ നിന്നും കാര്‍ഡ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ഇടപാടുകാര്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്നുണ്ടെന്നാണ് ആക്ഷേപം.
അതേസമയം, നിലവിലെ സാഹചര്യത്തില്‍ വായ്പാ തിരിച്ചടവുകളും ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകളും മൂന്നു മാസത്തേക്ക് മാറ്റിവെക്കുന്നത് സാമ്പത്തികമായി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഞെരുക്കം സൃഷ്ടിക്കുമെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നത്. അതുകൊണ്ട് കൈയില്‍ കാശുള്ളവര്‍ മൂന്നു മാസത്തേക്ക് തിരിച്ചടവുകള്‍ മാറ്റിവെക്കുന്നതിനു പകരം അതത് മാസങ്ങളില്‍ തുക തിരിച്ചടയ്ക്കുന്നതാണ് നല്ലതെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ഓരോ വായ്പയുടെയും തിരിച്ചടവ് കാലാവധി മാത്രമാണ് മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുള്ളത്. ഇതിനുമേലുള്ള പലിശ നിരക്കുകള്‍ ഒഴിവാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ നിരക്കും കൂടി ചേര്‍ത്ത് മൂന്നു മാസം കഴിയുമ്പോള്‍ ഒരുമിച്ച് അടയ്‌ക്കേണ്ടതായി വരും.