ഐപില്‍ മാറ്റിവച്ചതോടെ ധോണിയുടെ മടങ്ങി വരവ് ഇനി ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്‌ലെ. ധോണിക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ല. ഐപിഎല്‍ നടത്താന്‍ സാധ്യത ഉണ്ടായിരുന്നു എങ്കില്‍ ധോണിക്ക് പ്രതീക്ഷ വെക്കാമായിരുന്നു, ഐപിഎല്‍ റദ്ദാക്കാനുള്ള സാഹചര്യം നിലനില്‍ക്കെ ആ പ്രതീക്ഷ ഇല്ലാതായെന്നും ധോണിക്ക് തന്നെ മനസ്സിലായിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്ക്ബസ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് തോന്നുന്നത് ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് അവസാനിച്ചു എന്നാണ്. ടി20 ലോകകപ്പിനെപ്പറ്റി ധോണി ചിന്തിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷേ, ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നെങ്കില്‍ സാധ്യത കല്പിക്കാമായിരുന്നു. പക്ഷേ, അത് നടക്കുമെന്ന് തോന്നുന്നില്ല’ അദ്ദേഹം പറഞ്ഞു.
അതേ സമയം, ധോണി ഉടന്‍ വിരമിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹം തീരുമാനം എടുത്തു എന്നും സുഹൃത്തുക്കളുമായി വിഷയം ചര്‍ച്ച ചെയ്തു കഴിഞ്ഞെന്നും സ്‌പോര്‍ട്‌സ്‌കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ ഇക്കാര്യം ബിസിസിഐയെ അദ്ദേഹം അറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2020 ഐപിഎല്ലിന്റെ ഭാവിയെപ്പറ്റി അറിയാന്‍ ധോണി കാത്തിരിക്കുകയാണെന്നാണ് വിവരം.
ഐപിഎല്‍ റദ്ദാക്കിയാലും ധോണിക്ക് ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ കേശവ് രഞ്ജന്‍ ബാനര്‍ജി പറഞ്ഞിരുന്നു. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 15ലേക്ക് മാറ്റിയ ഐപിഎല്‍ രാജ്യത്തെ വഷളാവുന്ന സ്ഥിതി പരിഗണിച്ച് റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. ഇതിനിടെയാണ് ധോണിയുടെ പഴയ പരിശീലകന്റെ പ്രതികരണം.