കോട്ടയം : ഹോം ക്വാറന്റീന്‍ കാലയളവില്‍ പുറത്തിറങ്ങി ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കാഞ്ഞിരപ്പള്ളിയില്‍ ദമ്പതികള്‍ക്കെതിരെയും നിര്‍ദേശങ്ങള്‍ അവഗണിച്ച മൂന്നു പേര്‍ക്കെതിരെ കുണ്ടറയിലുമാണ് പൊലീസ് കേസെടുത്തത്. സുരക്ഷാ ക്രമീകരണം പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ചതിനു തലയോലപ്പറമ്പിലും കേസ് എടുത്തിട്ടുണ്ട്.
വിഴിക്കത്തോട് നെടുമാവില്‍ സുരേന്ദ്രന്‍ (53), ഭാര്യ സരള (49) എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ 16നാണ് സരള ഖത്തറില്‍ നിന്നു മടങ്ങിയെത്തിയത്. തുടര്‍ന്ന് വീട്ടുകാരോട് 14 ദിവസം വീടിനു പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതു മാനിക്കാതെ ഇവര്‍ പൊതുസ്ഥലങ്ങളില്‍ പോവുകയും പൊതുപരിപാടികളില്‍ പങ്കെടുത്ത് ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നെന്ന് ആരോപിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയ പരാതിയിലാണ് കേസ്.
തലയോലപ്പറമ്പ് കൃഷ്ണ വിലാസത്തില്‍ രവീന്ദ്രന് എതിരെയാണു സുരക്ഷാ ക്രമീകരണം പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ചതിനു കേസ് എടുത്തത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍, മതിയായ അടിസ്ഥാന സൗകര്യം ഇല്ലാതെ മുപ്പതോളം പേരെ പാര്‍പ്പിച്ചിരുന്നതു കണ്ടെത്തുകയായിരുന്നു.
അതേസമയം കുണ്ടറ ക്വാറന്റീന്‍ സംബന്ധിച്ചു സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ അവഗണിച്ച മൂന്നു പേര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. ആരോഗ്യവകുപ്പ് അധികൃതരോടു മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയിലാണു നടപടി. മേക്കോണ്‍ റസിഡന്‍സി റോഡിലെ 2 കുടുബങ്ങളില്‍പെട്ട സ്ത്രീകളും കുട്ടികളുമടങ്ങിയ 9 പേര്‍ കഴിഞ്ഞ 14ന് ആണ് ദുബായില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളം വഴി എത്തിയത്. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരെത്തി വീടിനു വെളിയില്‍ ഇറങ്ങാതെ നിരീക്ഷണത്തില്‍ കഴിയണമെന്നു നിര്‍ദേശിച്ചു.
എന്നാല്‍ അതനുസരിക്കാതെ ഇവര്‍ പരിസരങ്ങളിലെ കടകളിലും മറ്റും കറങ്ങുന്ന വിവരം നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വീണ്ടും വീട്ടിലെത്തി കൊറോണ വൈറസ് പകരുന്നതിനെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി. എല്ലാവരും വീട്ടില്‍ത്തന്നെ കഴിയണമെന്നും മറ്റുള്ളവരുമായി ബന്ധപ്പെടരുതെന്നും അറിയിച്ചു. എന്നാല്‍ ആരോഗ്യ വകുപ്പ് അധികൃതരോട് ഇവര്‍ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. ആരോഗ്യവകുപ്പ് ജീവനക്കാരുടെ പരാതിപ്രകാരം കുണ്ടറ പൊലീസ് ഇന്നലെ വീട്ടിലെത്തി ഇവര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.