കൊച്ചി: കൊറോണ വൈറസ് ബാധ സംശയിച്ചിരുന്ന 30 പേരുടെ പരിശോധന ഫലം പുറത്തുവന്നും 30 പേരുടെ ഫലവും നെഗറ്റീവ് ആണ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കയച്ച സാംപിള്‍ പരിശോധന ഫലം ശനിയാഴ്ചയാണ് ലഭിച്ചത്. നിലവില്‍ അഞ്ഞൂറിലേറെ പേര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.
അതേസമയം ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ 21 മലയാളികള്‍ക്ക് രോഗലക്ഷണങ്ങളില്ലെന്ന് കണ്ടെത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവരെ വീടുകളിലേക്ക് അയച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലവില്‍ കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരാണ് എറണാകുളം ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ്, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിരവധി പേര്‍ എൊസൊലേഷനില്‍ തുടരുകയാണ്. ഇവരില്‍ ലണ്ടനില്‍നിന്നുള്ള രണ്ട് വിദേശികളുമുണ്ട്.
അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വിമാനത്താവളത്തിലെ സന്ദര്‍ശക ഗാലറി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു.