കൊച്ചി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം 25 വരെ നിര്‍ത്തി വയ്ക്കാന്‍ സാധ്യത. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണു ഇതു സംബന്ധിച്ചു ധാരണയിലെത്തിയത്. നിലവിലുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്കു അടുത്ത 72 മണിക്കൂര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കാനാണു ഉദ്ദേശിക്കുന്നത്.
ഇന്ന് രാത്രി 12ന് ശേഷം സര്‍വീസുകളൊന്നും ആരംഭിക്കാന്‍ പാടില്ല. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ സര്‍വീസ് അവസാനിപ്പിക്കും. റെയില്‍വേ മന്ത്രി അനുമതി നല്‍കുന്ന മുറയ്ക്കു ഇതു സംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണു സൂചന. ഈ നിയന്ത്രണം 25ന് ശേഷവും തുടരാനുള്ള സാധ്യതയുണ്ട്.
ട്രെയിന്‍ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയില്‍വേ നീങ്ങുന്നത്. ഘട്ടം ഘട്ടമായി റെയില്‍വേ സ്‌റ്റേഷനുകള്‍ ഒഴിപ്പിക്കാനും നിര്‍ദേശം നല്‍കും. ജനത കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്നു നാനൂറോളം ട്രെയിനുകള്‍ മാത്രമാണു രാജ്യത്തു സര്‍വീസ് നടത്തുന്നത്.
ജാര്‍ഖണ്ഡ്, ബംഗാള്‍ സര്‍ക്കാരുകള്‍ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും അടിയന്തരമായി നിര്‍ത്തി വയ്ക്കണമെന്നു റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ–ജബല്‍പൂര്‍ ഗോള്‍ഡന്‍ എക്‌സ്പ്രസിലെ 4 യാത്രക്കാര്‍ക്കും ആന്ധ്ര സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലെ 8 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
ചികില്‍സയിലുണ്ടായിരുന്ന രണ്ടു പേര്‍ ബെംഗളൂരു–ഡല്‍ഹി രാജധാനിയില്‍ യാത്ര ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കഴിവതും ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്നും ട്രെയിനുകളിലൂടെ കോവിഡ് 19 രോഗം പടരുന്ന സാഹചര്യം ഒഴിവാക്കണമെന്നും റെയില്‍വേ അഭ്യര്‍ഥിച്ചു.