17 മാസം പ്രായമുള്ള മകളെ വിട്ടുനില്‍ക്കേണ്ടി വന്നതിന്റെ വേദന അലിഫിയ ജാവേരിയെന്ന കോവിഡ് ബാധിച്ച അമ്മ പറയുന്നു

മുംബൈ: ‘എനിക്കു കോവിഡ് ആണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍, എന്റെ മകള്‍ എന്തു ചെയ്യും എന്നതായിരുന്നു എന്റെ ആദ്യ ചോദ്യം’ 17 മാസം പ്രായമുള്ള മകളെ വിട്ടുനില്‍ക്കേണ്ടി വന്നതിന്റെ വേദന അലിഫിയ ജാവേരിയെന്ന അമ്മയാണ് ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’യുമായി പങ്കുവച്ചത്. ഒരു ചില്ലുവാതിലിനപ്പുറം പൊന്നോമനയെ മാറ്റിനിര്‍ത്തേണ്ടിവരുന്നതാണ് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന ജാവേരിയെ ഏറ്റവുമധികം വേദനിപ്പിക്കുന്നത്. എന്നാല്‍ അവളെ കാണാന്‍ കഴിയുന്നതും ചില്ലുവാതിലില്‍ തൊടുന്ന കുരുന്നിളം കൈകളെ മറുപുറത്തുനിന്നു തൊടാതെ തൊടാന്‍ കഴിയുന്നതും ജാവേരിക്ക് ഏറെ ആശ്വാസമാണ്. ജാവേരിക്കു കോവിഡ് പോസിറ്റീവ് ആയെങ്കിലും മകള്‍ക്കു രോഗം ബാധിക്കാതിരുന്നതും ആശ്വാസമായി.

ചെറിയ ലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ മുതല്‍ താന്‍ ഹോം ക്വാറന്റീനില്‍ ആയിരുന്നുവെന്ന് ജാവേരി പറഞ്ഞു. എന്നാല്‍ ഒരു മാസത്തോളം മകളില്‍നിന്ന് അകന്നു കഴിയേണ്ടിവരുമെന്ന തിരിച്ചറിവ് ജാവേരിയെ വല്ലാതെ മുറിപ്പെടുത്തി. ക്വാറന്റീനിന്റെ ആറാം ദിവസമാണ് ജാവേരി ഹ്യൂമന്‍സ് ഓഫ് ബോംബെയുമായി സംസാരിച്ചത്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ പൊന്നോമനയെ വാരിപ്പുണരാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പ്രതിസന്ധിയിലും തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് ജാവേരി പറയുന്നു. ‘എല്ലാ ദിവസവും അവള്‍ കിടപ്പുമുറിയുടെ ജനാലയ്ക്കപ്പുറം എത്തും. ചില്ലുജാലകത്തില്‍ കുഞ്ഞികൈകള്‍ വയ്ക്കും. ഞാന്‍ എന്റെ കൈവയ്ക്കാന്‍ അവള്‍ കാത്തുനില്‍ക്കും. ആ സമയത്ത് അവളെ വാരിപ്പുണരാന്‍ മനസും ശരീരവും തുടിക്കും. പക്ഷെ എനിക്കു കഴിയില്ല’ വേദനയോടെ ജാവേരി പറഞ്ഞു.

ഭര്‍ത്താവും അദ്ദേഹത്തിന്റെ സഹോദരിയും ചേര്‍ന്ന് അവളെ പരമാവധി സന്തോഷിപ്പിക്കാന്‍ ശ്രമിക്കും. എങ്കിലും രാത്രി രണ്ടു മണിക്ക് ഉണരുമ്പോള്‍ എന്നെ കാണാതെ അവള്‍ കരയും. അപ്പോള്‍ അടുത്തെത്താന്‍ കഴിയാത്തത് എന്റെ ഹൃദയം തകര്‍ക്കുംജവേരി പറഞ്ഞു. പാചകവും ശുചിയാക്കലും ജനാലയിലൂടെ മകളെ കണ്‍നിറയെ കണ്ടുമാണ് ജാവേരി ഓരോ ദിവസവും തള്ളി നീക്കുന്നത്. അവളെ കെട്ടി പുണരാനും മാറോടു ചേര്‍ത്തുറക്കാനുമാണ് കാത്തിരിക്കുന്നതെന്നും ജാവേരി പറഞ്ഞു നിര്‍ത്തി.

നൊമ്പരപ്പെടുത്തുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കുഞ്ഞുങ്ങളുള്ള കോവിഡ് രോഗികളായ ഓരോ അമ്മയുടെയും നേര്‍സാക്ഷ്യമാണ് ജാവേരിയെന്ന് ഫെയ്‌സ്ബുക്കില്‍ പലരും കുറിച്ചു. പെട്ടെന്നു രോഗമുക്തി നേടി മകളുമായി ഒന്നിക്കാന്‍ ജാവേരിക്കാകട്ടെ എന്നു മിക്കവരും പ്രാര്‍ഥിക്കുന്നു.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular