ന്യൂഡല്‍ഹി: കൈഫ്- യുവരാജ് കൂട്ടുകെട്ടുപോലെ വേണം നമ്മുക്ക് കൊറോണയെ തുരത്താനെന്ന് മോദി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ചൊരു കൂട്ടുകെട്ടിലൂടെ നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച മുന്‍ താരങ്ങളായ മുഹമ്മദ് കൈഫിനോടും യുവരാജ് സിങ്ങിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ജനത കര്‍ഫ്യൂവിന് ഇരുവരും ട്വിറ്ററിലൂടെ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി രംഗത്തെത്തിയത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ‘ജനതാ കര്‍ഫ്യൂ’വിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. ഈ ആഹ്വാനത്തെ പിന്തുണച്ചും ആളുകളെ ബോധവല്‍ക്കരിച്ചും യുവിയും കൈഫും ട്വീറ്റ് ചെയ്തിരുന്നു. ഇത് റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
‘നാം എക്കാലവും ഓര്‍മിക്കുന്ന കൂട്ടുകെട്ടു സമ്മാനിച്ച രണ്ട് മികച്ച താരങ്ങളിതാ. അവര്‍ ഓര്‍മിപ്പിച്ചതുപോലെ, ഇത് മറ്റൊരു കൂട്ടുകെട്ടിനുള്ള സമയമാണ്. ഇത്തവണ, കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒന്നാകെയാണ് കൂട്ടുകെട്ടു തീര്‍ക്കുന്നത്’ – മോദി കുറിച്ചു.
2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയാണ് കൈഫും യുവരാജും ചേര്‍ന്നുള്ള തകര്‍പ്പന്‍ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റു ചെയ്ത് ഇംഗ്ലണ്ട് ഇന്ത്യയ്ക്കു മുന്നില്‍ ഉയര്‍ത്തിയത് 326 റണ്‍സ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന നിലയില്‍ തകരുമ്പോഴാണ് യുവിയും കൈഫും ക്രീസില്‍ ഒന്നിച്ചത്. ആറാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടു തീര്‍ത്താണ് ഇരുവരും ഇന്ത്യയെ വിജയവഴിയിലേക്കു തിരിച്ചെത്തിച്ചത്. യുവി 63 പന്തില്‍ ഒന്‍പതു ഫോറും ഒരു സിക്‌സും സഹിതം 69 റണ്‍സെടുത്ത് പുറത്തായെങ്കിലും കൈഫ് 75 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം പുറത്താകാതെ 87 റണ്‍സെടുത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.