രണ്ടുവയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും, കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്

കൊച്ചി: പത്തനംതിട്ടയില്‍ കൂടുതല്‍ ആളുകളിലേക്ക് കോവിഡ്19 രോഗം പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ള രണ്ടുവയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. രോഗബാധയുണ്ടെന്ന് കണ്ടെത്തിയവരുമായി ഇടപഴകിയ 301 പേരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായ ഏതാനും പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റും.

കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതിന്റെ ഭാഗമായി 100 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കുന്നതിനുള്ള സ്ഥലം ജില്ലാ ഭരണകൂടം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കൊറോണ ഭീതിയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഭീതിയിലാണ്. കടകള്‍ അടഞ്ഞുകിടക്കുന്നു. ബസ് സര്‍വീസുകളും കുറഞ്ഞു. യാത്രചെയ്യാന്‍ ആളില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. 24 പേരുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം.

അതേസമയം മൂന്ന് പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച എറണാകുളത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 23 പേരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്.

കോട്ടയത്ത് കോവിഡ്19 സ്ഥിരീകരിച്ച നാലുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. കോട്ടയത്ത് നിരീക്ഷണത്തില്‍ ഉള്ളത് 10 പേരാണ്. ഇറ്റലിയില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 23 പേരെ വീട്ടുനിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയവര്‍ സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 22 കോട്ടയം സ്വദേശികളും വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 167 പേരാണ് കോട്ടയത്ത് നിരീക്ഷണത്തില്‍ ഉള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7